Sunday, July 23, 2006
RAMAYANAM ON CELL PHONE
രാമായണം ഇനി മൊബെയില്‍ ഫോണിലും
പെരുമ്പാവൂര്‍: മലയാളിയുടെ സര്‍ഗ്ഗാത്മകതയ്ക്ക് വിരിവെയ്ക്കാന്‍ മറ്റൊരു ഇടംകൂടി. നോവലും കവിതകളും ചെറുകഥകളും എന്നല്ല, രാമായണംപോലും ഇനി
മൊബെയിലിലൂടെ വായിക്കാം. കാലടി ശ്രീശങ്കരാ കോളേജിലെ മലയാളം അധ്യാപകനും
സാഹിത്യകാരനുമായ പി.ആര്‍. ഹരികുമാറാണ് രാമായണ മാസാരംഭത്തില്‍ 'മൊബെയില്‍ രാമായണം' അവതരിപ്പിക്കുന്നത്.
ഹിന്ദി ഉള്‍പ്പടെ ചില ഇന്ത്യന്‍ ഭാഷകള്‍ ചെറുതായെങ്കിലും
മൊബെയിലിലുണ്ടെങ്കിലും, മലയാളത്തെ ഫോണ്‍ നിര്‍മാതാക്കള്‍ സ്വീകരിച്ചിട്ടില്ല. മലയാളിയുടെ ആശയലോകവും കഥയും കവിതയുമൊക്കെ മൊബെയില്‍ ഫോണിന്റെ സ്ക്രീനില്‍ വായിക്കാന്‍ കഴിയുംവിധത്തിലാക്കുന്നതിനെക്കുറിച്ച് ഹരികുമാര്‍ ചിന്തിച്ചു. അങ്ങനെ രാമായണത്തിലെ ബാലകാണ്ഡം, ആരണ്യകാണ്ഡം, കിഷ്ക്കിന്ധകാണ്ഡം എന്നിവ നിരന്തര പരിശ്രമത്തിലൂടെ മൊബെയില്‍ ഫോണിലാക്കി. ഇപ്പോള്‍, കറുത്ത പശ്ചാത്തലത്തില്‍ കൊച്ചുലിപികളില്‍ രാമകഥ മിനി സ്ക്രീനില്‍ തെളിയുന്നു. മലയാളത്തിലെ എത്രവലിയ പുസ്തകവും ഇങ്ങനെ ചെയ്യാം. സിഡിയില്‍ പകര്‍ത്തിയോ, ഇന്റര്‍നെറ്റില്‍ നിന്ന് എടുത്തു ഫയലാക്കിയോ കമ്പ്യൂട്ടറില്‍ നിന്ന് നേരിട്ട് കൈമാറിയോ ഇവ ഫോണില്‍ എത്തിക്കാം.
ഇന്റര്‍നെറ്റില്‍ നിന്ന് 'റീഡ് മാനിയാക്' എന്ന ബുക്ക് റീഡര്‍ ലഭിച്ചതോടെയാണ് ഹരികുമാറിന് ഇതില്‍ താത്‌പര്യം വന്നത്. ജാവാ സന്നദ്ധമായ മൊബെയില്‍ ഫോണില്‍ ഇ-ബുക്കുകളും ടെക്സ്റ്റ് ഫയലുകളും ഇന്റര്‍നെറ്റ് ഫയലുകളും വായിക്കാനും ഡൌണ്‍ലോഡ് ചെയ്യാനും സഹായകരമായ പ്രോഗ്രാമാണത്. നാലഞ്ചു വിടേശ ഭാഷകളുടെ ഫോണ്ടുകളാണ് അതില്‍ ഉണ്ടായിരുന്നത്. അവ ഇന്‍ഫ്രാറെഡ് ഉപയോഗിച്ച് മൊബെയിലില്‍ സ്ഥാപിച്ചു.
ബുക്ക് റീഡര്‍ ഉപയോഗിച്ച് വായിക്കാന്‍ സഹായിക്കുന്ന 'റീഡ് മാനിയാക് ബില്‍ഡര്‍ വിസാര്‍ഡ്' എന്ന പ്രോഗ്രാം പിന്നീട് ലഭിച്ചു. ഇതുപയോഗിച്ച് കമ്പ്യൂട്ടറില്‍ ഇംഗ്ലീഷിലുണ്ടായിരുന്ന ചില ഫയലുകള്‍ ജാര്‍ ഫയലാക്കി മൊബെയിലിലേക്ക് പകര്‍ത്തി. ഇത് യുഎസ്ബി കേബിളോ, ഇന്‍ഫ്രാറെഡ്, ബ്ലൂ ടൂത്തോ ഉപയോഗിച്ച് ചെയ്യാം.
മലയാളം ഫോണ്ടുകളായ കാര്‍ത്തിക, രേവതി, ചൊവ്വര എന്നിവ റീഡ് മാനിയാക്
ആക്കിയിട്ട് ബില്‍ഡര്‍ വിസാര്‍ഡിന്റെ സഹായത്തോടെ ജാര്‍ ഫയലുകള്‍ ആക്കി
മൊബെയിലിലേക്ക്‌മാറ്റി ഫോണിലെ 'ആപ്ലിക്കേഷന്‍സ്' ഫോള്‍ഡറില്‍ ശേഖരിച്ചു. പിന്നെ അവ
തുറന്നപ്പോള്‍ കഥകളും മറ്റും വായിക്കാവുന്ന രീതിയിലായി.
ഇന്റര്‍നെറ്റില്‍ അറബിയിലുള്ള ഖുറാനും ഇംഗ്ലീഷിലുള്ള ബൈബിളും ഭഗവത്ഗീതയുമൊക്കെ ജാര്‍ ഫയലുകളായി കിട്ടുമെങ്കിലും മലയാളം കാട്ടിത്തരുന്ന ജാര്‍ ഫയലുകളില്ല. എംപി 3 പാട്ടുകള്‍ പോലെ വെബ്‌സൈറ്റില്‍ നിന്ന് മലയാളം പുസ്തകങ്ങളുടെ ജാര്‍ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്ന കാലം അകലെയല്ലെന്നു ഹരികുമാര്‍ പറയുന്നു.
എംപി 3യിലുള്ള ഒരു പാട്ടിന്റെ അഞ്ചിലൊന്ന് ഇടമേ 'അദ്ധ്യാത്മരാമായണ'ത്തിന് വേണ്ടൂ. അതിനാല്‍ ശരാശരി മെമ്മറിയുള്ള ഒരു മൊബെയില്‍ ഫോണില്‍പോലും ഗ്രന്ഥശാല പോലെ ധാരാളം പുസ്തകങ്ങള്‍ കയറിയിരിക്കും.
പി. രമേഷ്