Sunday, July 30, 2006

സര്‍വ്വകലാശാലയും മലയാളവും:കുറച്ചു കൂടി

സര്‍വ്വകലാശാലാതലത്തിലെ മലയാളപഠനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യത്യസ്തങ്ങളായ നിലപാടുകളില്‍ നിന്നുമുള്ള അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ്‌ നടക്കുന്നത്‌ എന്നത്‌ ഈ മറുകുറിപ്പിന്റെ ആമുഖമായി ഓര്‍മ്മിപ്പിക്കട്ടെ.
ഒന്നാമതായി ഭാഷാപഠനത്തിന്‌ സര്‍വ്വകലാശാലാതലത്തില്‍ പ്രസക്തിയില്ല എന്ന നിലപാട്‌.
രണ്ടാമതായി, തൊഴിലധിഷ്ഠിതമായിരിക്കണം വിദ്യാഭ്യാസം എന്നും ഭാഷാപഠനം തൊഴില്‍സാദ്ധ്യത കുറഞ്ഞതാണ്‌ എന്നുമുള്ള നിലപാട്‌.
മൂന്നാമതായി, കാലഹരണപ്പെട്ടതാണ്‌ ഭാഷാപഠനത്തിന്‌ പിന്തുടരുന്ന പാഠ്യപദ്ധതി എന്നത്‌.
ഒടുവില്‍, അഭിരുചിയ്ക്ക്‌ അനുസൃതമായി വിഷയസ്വീകരണം സാദ്ധ്യമാവുന്നില്ല എന്നത്‌.
മേല്‍പറഞ്ഞവയില്‍ നിന്നും വ്യത്യസ്തമായ നിലപാടുകളില്ല എന്ന്‌ പറയുന്നില്ല. എന്നാല്‍ സൂക്ഷമായ ആലോചനയില്‍ അത്തരം അഭിപ്രായങ്ങളെ മേല്‍പറഞ്ഞ നിലപാടുകളുമായി ബന്ധിപ്പിക്കാനാവും.
ഒരു വസ്തുത ഇത്തരം ചര്‍ച്ചയ്ക്ക്‌ ആമുഖമായി ഓര്‍മ്മിക്കേണ്ടതുണ്ട്‌. ആദര്‍ശാത്മകമായ ഒരു അവസ്ഥയെ വിഭാവനം ചെയ്തുകൊണ്ടാണ്‌ ഇത്തരം ചര്‍ച്ചകള്‍. വസ്തുനിഷ്ഠസാഹചര്യങ്ങളുമായി അവയ്ക്ക്‌ വലിയ ബന്ധമൊന്നുമില്ല.
ദേശീയ തലത്തിലുള്ള മത്സരപരീക്ഷകളില്‍ മലയാളികള്‍ പിന്തള്ളപ്പെടുന്നുണമ്മുടെ പാഠ്യപദ്ധതിക്കെ മൊത്തത്തില്‍ കുഴപ്പമുണ്ട്‌ എന്ന വാദം കൂടി ഇതോടൊപ്പം ഓര്‍മ്മിക്കേണ്ടതുണ്ട്‌.
ബ്രിട്ടീഷ്‌ വിദ്യാഭ്യാസവ്യവസ്ഥയുടെ ഒരു പകര്‍പ്പാണല്ലോ നമ്മുടെ സര്‍വ്വകലാശാലകളുടെ അടിസ്ഥാനം. ഇംഗ്ലീഷ്‌ ഒരു വിഷയം എന്ന നിലയില്‍ ബ്രിട്ടനില്‍ വരുന്ന കാലത്ത്‌ അതിനെതിരെ കടുത്ത വിമര്‍ശനമുണ്ടായിരുന്നു. ഒരുപക്ഷെ, ഭൃത്യരോട്‌ എങ്ങനെ പെരുമാറണം എന്നതായിരിക്കും ഇതിനെക്കാള്‍ പ്രസക്തമാവുക എന്നായിരുന്നു വിമര്‍ശനങ്ങളുടെ കാതല്‍ എന്ന്‌ ടെറി ഈഗിള്‍ടണ്‍ എഴുതിയിട്ടുണ്ട്‌. പ്രയോജനവാദപരമായ കാഴ്ചപ്പാടാണ്‌ ഇതെന്നു മനസ്സിലാക്കാം. തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിന്‌ വാദിക്കുന്നവര്‍ പ്രയോജനവാദികളാണ്‌. കേരളത്തില്‍ തൊഴിലൊന്നും കിട്ടാനിടയില്ല എന്ന ഉല്‍കണ്ഠ കൊണ്ടുനടക്കുന്നവര്‍ ഈ പ്രയോജനവാദികളോടൊപ്പം അണിനിരക്കുന്നത്‌ മനസ്സിലാക്കാം. അതിജീവനത്തിന്റ സമസ്യകള്‍ നേരിടുന്നവരോട്‌ നമ്മുക്കും ജീവകാരുണ്യപരമായ ഉദാരതപുലര്‍ത്താം.
ശാസ്ത്രസാങ്കേതികവിദ്യകളുടേയും വിവരസാങ്കേതികവിദ്യയുടേയും കാലമാണിത്‌. ഇക്കാലത്തെ ഭാഷ അതിനാല്‍ മേല്‍പറഞ്ഞ വിഷയങ്ങളുടെ ഭാഷയാണ്‌ എന്ന്‌ വാദിക്കുന്ന ബുദ്ധിജീവി നാട്യക്കാരാണ്‌ വേറൊരു വിഭാഗം. അവരോട്‌ സഹതപിക്കുക. ഭാഷ ജ്ഞാനസമ്പാദനത്തിന്‌ മാത്രമായുള്ള ഉപാധിയാണ്‌ എന്ന ഇവരുടെ വാദം അവരുടെ സാംസ്കാരികമായ പിന്നോക്കാവസ്ഥയെ വെളിപ്പെടുത്തുന്നു.
പാഠ്യപദ്ധതി കാലഹരണപ്പെട്ടതാണെങ്കില്‍ പരിഷ്കരിക്കാവുന്നതേയുള്ളൂ. നവീനമായ കാഴ്ചപ്പാടും അഭിരുചികളുമുള്ളവരെ കണ്ടൊത്തി ഈ ചുമതല ഏല്‍പിക്കുകയാണ്‌ വേണ്ടത്‌. നമ്മുടെ സര്‍വ്വകലാശാലകളും വിദ്യാഭ്യാസരംഗവും ഭരിക്കുന്നത്‌ രാഷ്ട്രീയക്കാരുടെ പാദസേവകരാണ്‌ എന്ന്‌ എല്ലാവര്‍ക്കും അറിയാം. കോഴപ്പണം നല്‍കി ജോലിനേടിയവരാണ്‌ നമ്മുടെ സ്വകാര്യകോളജ്‌ അദ്ധ്യാപകരായ മഹാവിപ്ലവകാരികളില്‍ ഭൂരിപക്ഷവും. സ്വന്തം കാര്യം കാണാന്‍ എന്തു വൃത്തികേടിനും തയ്യാറായ ഈ സന്നദ്ധസേവാസംഘത്തിനെ പുറത്തുനിര്‍ത്താന്‍ സാധിക്കാത്ത കാലം വരെ ഒരു നല്ല നിര്‍ദ്ദേശവും പ്രാവര്‍ത്തികമാവില്ല. ഏറ്റവും ചുരുങ്ങിയത്‌ കോഴനിയമനം വിദ്യാഭ്യാസരംഗത്ത്‌ അവസാനിപ്പിക്കുകയെങ്കിലും വേണം. പാര്‍ട്ടി അജന്‍ഡയല്ലാത്ത പ്രവര്‍ത്തനത്തിന്‌ അദ്ധ്യാപകര്‍ സന്നദ്ധമാകുന്ന നില ഉണ്ടാകണം. അത്‌ വളരെ പ്രയാസകരമാണ്‌. അതിനാല്‍ ഈ പരിമിതിക്കുള്ളില്‍ നിന്ന്‌ സാദ്ധ്യമാകുന്നത്‌ എന്തെന്ന്‌ ആലോചിക്കാനേ തരമുള്ളൂ.
നാക്‌ അക്രിഡിറ്റേഷന്‍ അടിസ്ഥാനമാക്കിയേ ഇനിയുള്ള കാലത്ത്‌ കേളേജുകള്‍ക്ക്‌ യു.ജി.സി ഗ്രാന്റ്‌ കിട്ടൂ എന്നായപ്പോള്‍ കേരളത്തിലെ സ്വകാര്യകോളജുകള്‍ ഭൂരിഭാഗവും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മെച്ചപ്പെട്ട ഗ്രേഡിംഗ്‌ നേടാന്‍ ശ്രമിച്ചു.അതിനാല്‍ ഇന്ന്‌ കേരളത്തിലെ കോളേജുകളില്‍ പലതും പത്തുകൊല്ലം മുമ്പ്‌ ഉള്ളതിനേക്കാള്‍ നിലവാരത്തില്‍ ഉയര്‍ന്നിട്ടുണ്ട്‌. ഭീഷണിയിലൂടെയല്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ സാദ്ധ്യമല്ലാത്ത വ്യവസ്ഥയാണ്‌ ഇതെന്നും പേടിപ്പിച്ചാല്‍ കാര്യം നടക്കും എന്നുമാണ്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. ആരാണ്‌ ഈ അക്കാദമിക്കുകളെ ചൂരല്‍ കാട്ടി നേര്‍വഴിക്ക്‌ നടത്താനുള്ളത്‌?
മലയാളം എന്ന ഭാഷ എങ്ങനെ എഴുതാം വായിക്കാം എന്നല്ല സര്‍വ്വകലാശാലാതലത്തില്‍ പഠിപ്പിക്കുന്നത്‌. അതൊക്കെ കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ പഠിച്ചിരിക്കുമല്ലോ. അതിനാല്‍ രസതന്ത്രം, ഊര്‍ജ്ജതന്ത്രം, വിവരസാങ്കേതികവിദ്യ എന്നിത്യാദികളെപ്പോലെ നിശ്ചിതമായ ഒരു ഉള്ളടക്കം മലയാളം സര്‍വ്വകലാതലത്തില്‍ പഠിപ്പിക്കുമ്പോള്‍ ഉണ്ടായിരിക്കണം. ഒരു വിഷയം എന്ന നിലയില്‍ നിലനില്‍ക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ മലയാളത്തിനുണ്ട്‌ എന്നതിനാലാണ്‌ മദിരാശി സര്‍വ്വകലാശാലയുടെ കാലം മുതല്‍ ഇക്കാലം വരെ മലയാളം നിലനിന്നത്‌. കാലാനുസൃതമായ പരിണാമം വിഷയത്തിന്റെ ഉള്ളടക്കത്തിന്‌ ഉണ്ടായിട്ടുണ്ട്‌ എന്നു കാണാവുന്നതാണ്‌. ഞാന്‍ പഠിപ്പിക്കുന്ന കോളേജില്‍ കി്ീ‍റൌരശ്ി‍ ്‌ ങമഹമ്യമഹമാ ടീളേ‍ംമൃലെ‍ എന്ന ഒരു കോഴ്സ്‌ മലയാളം ബി.എ യ്ക്ക്‌ പഠിപ്പിക്കുന്നുണ്ട്‌.
ഏതെങ്കിലും ഒരു വിഷയം സര്‍വ്വതന്ത്രസ്വതന്ത്രമായ നിലനില്‍പുള്ളതാണ്‌ എന്ന്‌ ഇക്കാലത്ത്‌ ആരും കണക്കാക്കുന്നില്ല.ചോയ്സ്‌ ബെയ്സ്ഡ്‌ ക്രഡിറ്റ്‌ സിസ്റ്റം എന്ന പേരില്‍ നിരവധി കോഴ്സുകളിലൂടെ ഒരു ബിരുദത്തിന്‌ ആവശ്യമായ ക്രഡിറ്റുകള്‍ നേടുക എന്ന സമ്പ്രദായം കേരളത്തിനു പുറത്തുള്ള സര്‍വ്വകലാശാലകള്‍ വരെ എത്തിയിട്ട്‌ കാലമേറെയായി. നമ്മുടെ അക്കാദമിക്കുകള്‍ക്കും അവരുടെ രാഷ്ട്രീയയജമാനന്മാര്‍ക്കും ഇതൊന്നും ശ്രദ്ധിക്കുവാന്‍ സമയമില്ലാതെ പോയി.
ബ്ലോഗിലൂടെ നടക്കുന്ന ഈ ചര്‍ച്ചപോലെ ഒന്ന്‌ നമ്മുടെ ആനുകാലികങ്ങളില്‍ വരാത്തതിന്‌ കാരണം എന്തായിരിക്കാം?

Friday, July 28, 2006

മലയാളം


സര്‍വ്വകലാശാലാ തലത്തില്‍ മലയാളം പഠിപ്പിക്കേണ്ടതുണ്ടോ എന്ന്‌ പലരും സംശയിക്കുന്നു. ഇതോടൊപ്പമുള്ള വാര്‍ത്ത കാണുക. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മലയാളവിഭാഗത്തിലെ അദ്ധ്യാപകന്‍ അവിടെ പഠിക്കാന്‍ കുട്ടികള്‍ എത്തുന്നില്ല എന്നു പറയുന്നു. മലയാളം ഒരു വിഷയം എന്ന നിലയില്‍ നിലനില്‍പില്ലാതായിക്കഴിഞ്ഞുവെന്നല്ല ഇദ്ദേഹം പറയുന്നത്‌.ഇതൊക്കെ വായിക്കുമ്പോള്‍ മലയാളത്തിന്റെ പ്രശ്നമെന്താണ്‌ എന്ന്‌ ആലോചിക്കാന്‍ നാം ബാദ്ധ്യസ്ഥമാകുന്നു.ഏതെങ്കിലും കവിയുടെയോ കഥാകൃത്തിന്റെയോ രചനകള്‍ കേമമാണെന്ന്‌ കുട്ടികളെ ധരിപ്പിക്കുകയല്ല സര്‍വ്വകലാശാലാ തലത്തിലോ സ്കൂള്‍ തലത്തിലോ ഭാഷാപഠനത്തിന്റെ ലക്ഷ്യം. കുട്ടികളുടെ സൌന്ദര്യാസ്വാദനശീലവും സര്‍ഗ്ഗാത്മകതയും വളര്‍ത്തുകയെന്നതാണ്‌ ഭാഷാബോധനത്തിന്റ ലക്ഷ്യം.ഏതെങ്കിലും ഒരാള്‍ക്ക്‌ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിച്ചില്ല എന്നാണെങ്കില്‍ കാരണം എന്ത്‌ എന്ന്‌ ആത്മവിശകലനപരമായി ആലോചിക്കുകയാണ്‌ ആദ്യമായി ചെയ്യേണ്ടത്‌.മലയാളം പഠിക്കാന്‍ കുട്ടികള്‍ എത്തുന്നില്ല എന്നു പരാതിപ്പെടുന്ന അദ്ധ്യാപകന്‍ എത്ര കാലമായി കാര്യങ്ങള്‍ ഇങ്ങനെയായിട്ട്‌ എന്നു കൂടി പറയട്ടെ. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മലയാളത്തിന്റെ നിയമനം നടന്നപ്പോള്‍ അപേക്ഷകരില്‍ യോഗ്യതകുറഞ്ഞയാളെയാണ്‌ നിയമിച്ചതെന്ന്‌ വ്യാപകമായി പരാതിയാണ്ടായിട്ടുണ്ട്‌. അതിനു മുമ്പ്‌ ഇല്ലാത്ത വിദ്യാര്‍ത്ഥിക്ഷാമത്തിന്റ കാരണമെന്തെന്ന്‌ കൂടുതല്‍ വിശദീകരണം വേണ്ടല്ലോ

Sunday, July 23, 2006

RAMAYANAM ON CELL PHONE


രാമായണം ഇനി മൊബെയില്‍ ഫോണിലും
പെരുമ്പാവൂര്‍: മലയാളിയുടെ സര്‍ഗ്ഗാത്മകതയ്ക്ക്‌ വിരിവെയ്ക്കാന്‍ മറ്റൊരു ഇടംകൂടി. നോവലും കവിതകളും ചെറുകഥകളും എന്നല്ല, രാമായണംപോലും ഇനി
മൊബെയിലിലൂടെ വായിക്കാം. കാലടി ശ്രീശങ്കരാ കോളേജിലെ മലയാളം അധ്യാപകനും
സാഹിത്യകാരനുമായ പി.ആര്‍. ഹരികുമാറാണ്‌ രാമായണ മാസാരംഭത്തില്‍ 'മൊബെയില്‍ രാമായണം' അവതരിപ്പിക്കുന്നത്‌.
ഹിന്ദി ഉള്‍പ്പടെ ചില ഇന്ത്യന്‍ ഭാഷകള്‍ ചെറുതായെങ്കിലും
മൊബെയിലിലുണ്ടെങ്കിലും, മലയാളത്തെ ഫോണ്‍ നിര്‍മാതാക്കള്‍ സ്വീകരിച്ചിട്ടില്ല. മലയാളിയുടെ ആശയലോകവും കഥയും കവിതയുമൊക്കെ മൊബെയില്‍ ഫോണിന്റെ സ്ക്രീനില്‍ വായിക്കാന്‍ കഴിയുംവിധത്തിലാക്കുന്നതിനെക്കുറിച്ച്‌ ഹരികുമാര്‍ ചിന്തിച്ചു. അങ്ങനെ രാമായണത്തിലെ ബാലകാണ്ഡം, ആരണ്യകാണ്ഡം, കിഷ്ക്കിന്ധകാണ്ഡം എന്നിവ നിരന്തര പരിശ്രമത്തിലൂടെ മൊബെയില്‍ ഫോണിലാക്കി. ഇപ്പോള്‍, കറുത്ത പശ്ചാത്തലത്തില്‍ കൊച്ചുലിപികളില്‍ രാമകഥ മിനി സ്ക്രീനില്‍ തെളിയുന്നു. മലയാളത്തിലെ എത്രവലിയ പുസ്തകവും ഇങ്ങനെ ചെയ്യാം. സിഡിയില്‍ പകര്‍ത്തിയോ, ഇന്റര്‍നെറ്റില്‍ നിന്ന്‌ എടുത്തു ഫയലാക്കിയോ കമ്പ്യൂട്ടറില്‍ നിന്ന്‌ നേരിട്ട്‌ കൈമാറിയോ ഇവ ഫോണില്‍ എത്തിക്കാം.
ഇന്റര്‍നെറ്റില്‍ നിന്ന്‌ 'റീഡ്‌ മാനിയാക്‌' എന്ന ബുക്ക്‌ റീഡര്‍ ലഭിച്ചതോടെയാണ്‌ ഹരികുമാറിന്‌ ഇതില്‍ താത്‌പര്യം വന്നത്‌. ജാവാ സന്നദ്ധമായ മൊബെയില്‍ ഫോണില്‍ ഇ-ബുക്കുകളും ടെക്സ്റ്റ്‌ ഫയലുകളും ഇന്റര്‍നെറ്റ്‌ ഫയലുകളും വായിക്കാനും ഡൌണ്‍ലോഡ്‌ ചെയ്യാനും സഹായകരമായ പ്രോഗ്രാമാണത്‌. നാലഞ്ചു വിടേശ ഭാഷകളുടെ ഫോണ്ടുകളാണ്‌ അതില്‍ ഉണ്ടായിരുന്നത്‌. അവ ഇന്‍ഫ്രാറെഡ്‌ ഉപയോഗിച്ച്‌ മൊബെയിലില്‍ സ്ഥാപിച്ചു.
ബുക്ക്‌ റീഡര്‍ ഉപയോഗിച്ച്‌ വായിക്കാന്‍ സഹായിക്കുന്ന 'റീഡ്‌ മാനിയാക്‌ ബില്‍ഡര്‍ വിസാര്‍ഡ്‌' എന്ന പ്രോഗ്രാം പിന്നീട്‌ ലഭിച്ചു. ഇതുപയോഗിച്ച്‌ കമ്പ്യൂട്ടറില്‍ ഇംഗ്ലീഷിലുണ്ടായിരുന്ന ചില ഫയലുകള്‍ ജാര്‍ ഫയലാക്കി മൊബെയിലിലേക്ക്‌ പകര്‍ത്തി. ഇത്‌ യുഎസ്ബി കേബിളോ, ഇന്‍ഫ്രാറെഡ്‌, ബ്ലൂ ടൂത്തോ ഉപയോഗിച്ച്‌ ചെയ്യാം.
മലയാളം ഫോണ്ടുകളായ കാര്‍ത്തിക, രേവതി, ചൊവ്വര എന്നിവ റീഡ്‌ മാനിയാക്‌
ആക്കിയിട്ട്‌ ബില്‍ഡര്‍ വിസാര്‍ഡിന്റെ സഹായത്തോടെ ജാര്‍ ഫയലുകള്‍ ആക്കി
മൊബെയിലിലേക്ക്‌മാറ്റി ഫോണിലെ 'ആപ്ലിക്കേഷന്‍സ്‌' ഫോള്‍ഡറില്‍ ശേഖരിച്ചു. പിന്നെ അവ
തുറന്നപ്പോള്‍ കഥകളും മറ്റും വായിക്കാവുന്ന രീതിയിലായി.
ഇന്റര്‍നെറ്റില്‍ അറബിയിലുള്ള ഖുറാനും ഇംഗ്ലീഷിലുള്ള ബൈബിളും ഭഗവത്ഗീതയുമൊക്കെ ജാര്‍ ഫയലുകളായി കിട്ടുമെങ്കിലും മലയാളം കാട്ടിത്തരുന്ന ജാര്‍ ഫയലുകളില്ല. എംപി 3 പാട്ടുകള്‍ പോലെ വെബ്‌സൈറ്റില്‍ നിന്ന്‌ മലയാളം പുസ്തകങ്ങളുടെ ജാര്‍ ഫയലുകള്‍ ഡൌണ്‍ലോഡ്‌ ചെയ്യുന്ന കാലം അകലെയല്ലെന്നു ഹരികുമാര്‍ പറയുന്നു.
എംപി 3യിലുള്ള ഒരു പാട്ടിന്റെ അഞ്ചിലൊന്ന്‌ ഇടമേ 'അദ്ധ്യാത്മരാമായണ'ത്തിന്‌ വേണ്ടൂ. അതിനാല്‍ ശരാശരി മെമ്മറിയുള്ള ഒരു മൊബെയില്‍ ഫോണില്‍പോലും ഗ്രന്ഥശാല പോലെ ധാരാളം പുസ്തകങ്ങള്‍ കയറിയിരിക്കും.
പി. രമേഷ്‌

Saturday, July 15, 2006



ഓര്‍ക്കാപ്പുറത്ത്‌ ഫോക്‌ലോറിനെക്കുറിച്ച്‌ ഒരു നെടുനെടുങ്കന്‍ പ്രഭാഷണം വന്നത്‌ അമ്പരപ്പിച്ചോ?
അദ്ധ്യക്ഷന്‍ വന്നാലും ഇല്ലെങ്കിലും യോഗം തുടങ്ങാതിരിക്കാന്‍ പറ്റുമോ.
ഫോക്‌ലോര്‍ എന്ന വിഷയം മലയാളഭാഷാപഠനം സര്‍വ്വകലാശാലാതലത്തില്‍ ആരംഭിക്കുന്ന ഘട്ടം മുതല്‍ മലയാളികള്‍ക്കു പരിചയമുള്ളതാണ്‌. നാടന്‍, നാടോടി എന്നിങ്ങനെയൊക്കെയായിരുന്നു അക്കാലത്ത്‌ ഇത്‌ അറിയപ്പെട്ടത്‌. വിദേശികള്‍ അന്വേഷിച്ചെത്തുന്ന സാധനമാണ്‌. വിദേശത്തു നിന്ന്‌ ഫണ്ടും കിട്ടും. നാടോടിയോടുള്ള അനുരാഗം കലശലായി കുറച്ച്‌ ഗവേഷകര്‍ അങ്ങനെ ഭാഗ്യാന്വേഷികളായി. കാലക്രമത്തില്‍ മലയാളം അദ്ധ്യാപകരുടെ ഒരു ഫേഷന്‍ ഷോയായി ഇതു മാറി. സാഹിത്യത്തിനും നാടകത്തിനും സംഗീതത്തിനും ചിത്രകലയ്ക്കും മറ്റും അക്കാദമിയുള്ളതു പോലെ ഫോക്‌ലോറിനും ഒരു അക്കാദമിയുണ്ട്‌.
എന്നാല്‍ ഒരു അക്കാദമിക്‌ ഡിസിപ്ലിന്‍ എന്ന നിലയില്‍ ഈ വിഷയത്തിന്റെ അവസ്ഥയെന്താണ്‌ എന്ന്‌ അധികം ആരും അറിയില്ല. എളുപ്പത്തില്‍ ജയിക്കാന്‍ കഴിയുന്ന വിഷയം എന്ന നിലയിലാണ്‌ വിദ്യാര്‍ത്ഥികള്‍ ഫോക്‌ലോറിനെ കാണുന്നത്‌. ഫോക്‌ലോര്‍ എന്ന ഇംഗ്ലീഷ്‌ പേരില്‍ നാട്ടുതനിമയെക്കുറിച്ച്‌ പഠിക്കുന്ന, ഇടയ്ക്കിടെ ലെവി സ്ട്രോസ്‌, സ്ട്രക്ചറലിസം എന്നൊക്കെ പറയുന്ന ഇവര്‍ എന്തോ കാര്യമായ വിഷയങ്ങളാണ്‌ സംസാരിക്കുന്നത്‌ എന്നാണ്‌ പലരും കരുതിയത്‌. എന്നാല്‍ കാര്യത്തോട്‌ അടുത്തപ്പോഴാണ്‌ കളി മനസ്സിലായത്‌.
നെടുങ്കനാണെങ്കിലും നേരമുണ്ടെങ്കില്‍ ഒന്ന്‌ ഓടിച്ച്‌ വായിച്ചു നോക്കുക.

ഡോ.സജി.പി.ജേക്കബ്ബ്‌ സാമൂഹികശാസ്ത്രജ്ഞനാണ്‌. തിരുവനന്തപുരത്തെ ലയോള കോളേജില്‍ റീഡറായിരുന്ന അദ്ദേഹം ഇപ്പോള്‍ ആഡിസ്‌ അബാബയില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. മാടായി കോപ്പറേറ്റീവ്‌ കോളേജില്‍ നടന്ന ഫോക്‌ലോര്‍ ദേശീയ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം.
.

Friday, July 14, 2006

ഫോക്‌ലോര്‍പഠനവും തനിമാവാദവും

ഫോക്‌ലോര്‍‍പഠനവും തനിമാവാദവും:
സത്താവാദസമീപനത്തിനെതിരെ ഒരു കുറിപ്പ്‌

സജി.പി.ജേക്കബ്‌ *

കേരളത്തിലെ ഫോക്‌ലോര്‍‍പഠനത്തിന്റെ ഇന്നത്തെ നില സാമൂഹ്യശാസ്ത്രചരിത്രത്തിന്റെ ദാര്‍ശനികതലങ്ങളുമായി കൂട്ടിയിണക്കിവായിക്കുവാനുള്ള ഒരു ശ്രമമാണ്‌ ഈ ലേഖനം. ഫോക്‌ലോര്‍‍പഠനം ഇന്ന്‌ നേരിടുന്ന പ്രതിസന്ധികളെ സാമൂഹ്യശാസ്ത്രചരിത്രം നല്‍കുന്ന ഉള്‍ക്കാഴ്ചകളുടെ അടിസ്ഥാനത്തില്‍ വിശകലനം നടത്തുകയാണ്‌ ലക്ഷ്യം. ആധുനികാന ന്തരകാലഘട്ടത്തില്‍ വൈജ്ഞാനികമേഖലയില്‍ ഉരുത്തിരിഞ്ഞിട്ടുള്ള സിദ്ധാന്തങ്ങളും ദര്‍ശനങ്ങളും പശ്ചാത്തലമാക്കി ഫോക്‌ലോര്‍‍പഠനത്തിന്റെ ആനുകാലികപ്രസക്തി യെന്തെന്ന്‌ വിലയിരുത്താനും ഈ ലേഖനം ശ്രമിക്കുന്നു.
ആധുനികതയും ഉത്തരാധുനികതയും സാമൂഹികജീവിതത്തെ വിശകലനംചെയ്യുവാനായി അവതരിപ്പിച്ച സിദ്ധാന്തങ്ങളും ദര്‍ശനങ്ങളും നിരാകരിക്കപ്പെട്ട ധൈഷണികാന്തരീക്ഷ ത്തിലാണ്‌ നാം ഈ ചര്‍ച്ച നടത്തുന്നത്‌. സൈദ്ധാന്തികതയുടെ ഈ തകര്‍ച്ചയില്‍ അടി തെറ്റാത്ത രീതിശാസ്ത്രങ്ങള്‍ ഒന്നുപോലുമില്ലെങ്കിലും സ്ത്രീപക്ഷവാദം പോലെ അപൂര്‍വ്വം ചില രീതിശാസ്ത്രങ്ങള്‍ ഇതിനെ അതിജീവിച്ച്‌ മുന്നേറിക്കൊണ്ടിരിക്കുന്നുണ്ട്‌. അവയുടെ തത്വ ശാസ്ത്രപരമായ അധിഷ്ഠാനം ഒരു പഠിതാവിന്‌ സ്വീകാര്യമോ അസ്വീകാര്യമോ ആവാം. എന്നിരുന്നാലും ഇവ ഉന്നയിക്കുന്ന രീതിശാസ്ത്രത്തെ അവഗണിക്കുവാന്‍ ഇന്ന്‌ ഒരു പഠിതാവിനും സാധ്യമല്ല. ഇക്കൂട്ടത്തില്‍ സ്ത്രീപക്ഷവാദത്തിന്റെ പ്രാധാന്യം വളരെ വലുതാ ണെന്ന്‌ ഇന്ന്‌ എല്ലാ സാമൂഹ്യശാസ്ത്രശാഖകളും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്‌. മറ്റു രീതിശാസ്ത്ര ങ്ങള്‍ നിരാകരിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ സ്ത്രീപക്ഷവാദംപോലെ ചിലത്‌ എങ്ങനെ അതിജീവിച്ചുവെന്ന്‌ നാം മനസ്സിലാക്കേണ്ടതുണ്ട്‌. ഈ തിരിച്ചറിവിലൂടെ ഫോക്‌ലോര്‍ ഇന്ന്‌ അഭിമുഖീകരിക്കുന്ന പ്രതിസന്ധി മറികടക്കുവാനുള്ള സൈദ്ധാന്തികസമീപനം രൂപപ്പെടുത്താമെന്നാണ്‌ ഈ പ്രബന്ധത്തിന്റെ നിലപാട്‌.
ഉത്തരാധുനികതയുടെ സംഭാവനകളില്‍ ഏറ്റവും പ്രധാനമെന്ന്‌ നാം തിരിച്ചറിയേണ്ടത്‌ ആധുനികതയുടെ രീതിശാസ്ത്രങ്ങള്‍ക്കു നേരെ അതുയര്‍ത്തിയ പ്രതികരണങ്ങളാണ്‌. നവോത്ഥാനത്തിന്റെ അധികാരകേന്ദൃതമായ രാഷ്ട്രീയത്തെ ചെറുത്തുതോല്‍പിച്ച്‌, തികച്ചും അമൂര്‍ത്തവും വികേന്ദ്രീകൃതവുമായ ഒരു പുത്തന്‍സൌന്ദര്യശാസ്ത്രം തന്നെ അത്‌ സംഭാവനചെയ്തു. കോളനിവാഴ്ചയുടേയും വ്യാവസായികസംസ്കാരത്തിന്റെയും യൂറോകേന്ദൃ തമായ വേരുകളെല്ലാം വെളിച്ചത്തുകൊണ്ടുവരുവാന്‍ അതിന്‌ സാധിച്ചു. ദേശം, സംസ്കാരം, ചരിത്രം എന്നു വേണ്ട 'മനുഷ്യന്‍' എന്ന സങ്കല്‍പം പോലും ഈ പ്രക്രിയയ്ക്കിടയില്‍ ചോദ്യം ചെയ്യപ്പെട്ടു. സത്യത്തിന്റെയും അറിവിന്റെയും ഒക്കെ വ്യാവഹാരികതലങ്ങള്‍ അത്‌ കീറി മുറിച്ചു. സത്യത്തിന്റെ അധികാരാടിസ്ഥാനങ്ങള്‍, സംസ്കാരത്തിന്റെ അച്ചടക്ക പരിശീല നങ്ങള്‍, ശിക്ഷാരീതികള്‍, ലൈംഗികതയുടെ അന്യവല്‍ക്കരണം എന്നിവയെല്ലാം അതോടെ വെളിച്ചത്തുവന്നു. നാനാവിധ സത്താവാദങ്ങളെയെല്ലാം നിരാകരിച്ച്‌ സ്ത്രീ, പുരുഷന്‍, മനുഷ്യന്‍ എന്നീ സംജ്ഞകളെയെല്ലാം ബഹുവചനങ്ങളാക്കി. അതോടെയാണ്‌ മനുഷ്യന്‍ എന്ന പദത്തില്‍ അന്തര്‍ഭവിച്ച സ്ത്രീ, പുരുഷന്‍, കുട്ടി, വെള്ളക്കാരന്‍, കറുത്തവന്‍ എന്നിങ്ങനെയുള്ള അസംഖ്യം സത്തകള്‍ അംഗീകരിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നത്‌. സത്താവാദസംബന്ധിയായ ഈ പരിണാമം ജ്ഞാനസിദ്ധാന്തപരമായ ഒരു വിച്ഛേദമായി തിരിച്ചറിയപ്പെടേണ്ടതാണ്‌. കേരളത്തിലെ ഫോക്‌ലോര്‍‍‍പഠനം ജ്ഞാന സിദ്ധാന്തപരമായ ഇത്തരം ഉള്‍ക്കാഴ്ചകളുടെ കാര്യത്തില്‍ നിരാശാജനകമായ ഉദാസീനതയാണ്‌ കാണിക്കുന്നത്‌.

ഫോക്‌ലോര്‍പഠനവും മൌലികവാദവും
ജ്ഞാനസിദ്ധാന്തപരമായ ഇത്തരം പരിണാമങ്ങള്‍ പശ്ചാത്തലമാക്കി വേണം നാട്ടറിവു പഠനം നേരിടുന്ന പ്രതിസന്ധികളെ ഇന്നു വിലയിരുത്തേണ്ടത്‌. സാംസ്കാരപഠനങ്ങള്‍ ആകമാനം സത്താവാദപരമായ തനിമാസങ്കല്‍പ്പങ്ങളില്‍ ഇന്നും കുടുങ്ങിക്കിടക്കുകയാണ്‌. കേവലവും സ്വയംപൂര്‍ണ്ണവുമായ ജ്ഞാനമണ്ഡലമാണ്‌ ഫോക്‌ലോര്‍ എന്നും അന്യവിജ്ഞാനാപേക്ഷയില്ലാത്ത നിലനില്‍പ്‌ ഫോക്‌ലോറിന്‌ സാധ്യമാണ്‌ എന്നും വിശ്വാസിക്കുന്നത്‌ അതിന്റെ ഭാഗമാണ്‌. 19 -ം നൂറ്റാണ്ടിന്റെ സ്വത്വധാരണ ഫോക്‌ ലോറില്‍ ഇന്നും നിഴലിച്ചുകാണുന്നത്‌. ഒരു വൈജ്ഞാനികമേഖല എന്ന നിലയില്‍ ‍ഫോക്‌ലോര്‍ ആവിര്‍ഭവിച്ച കാലഘട്ടത്തിന്റെ ജ്ഞാനശാസ്ത്രപരമായ ധാരണ കളില്‍നിന്നും മുന്നോട്ടുപോകുവാന്‍ കേരളത്തിലെ ഫോക്‌ലോര്‍‍പഠനത്തിന്‌ ഇനിയും സാധിച്ചിട്ടില്ല.
19ാ‍ം നൂറ്റാണ്ടില്‍ ജര്‍മ്മന്‍കാരും ഇംഗ്ലീഷുകാരുമൊക്കെ ഫോക്‌ലോര്‍‍പഠന ത്തിലേര്‍പ്പെട്ടിരുന്നത്‌ ഒരു രാജ്യത്തിന്റെ ദേശീയവും സാംസ്കാരികവുമായ ചരിത്രപശ്ചാത്തലം മനസ്സലാക്കാനായിരുന്നു. ദേശം , സംസ്കാരം , ചരിത്രം എന്നിങ്ങനെ യുള്ള സംപ്രത്യയങ്ങളുടെ ആവിര്‍ഭാവം ഈ കാലഘട്ടത്തിലാണ്‌ ഉണ്ടായത്‌. ഏഷ്യന്‍-ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍ കൊളോണിയല്‍കാലഘട്ടത്തിലെ ഫോക്‌ലോര്‍‍പഠനം എന്നതുപോലെ യൂറോപ്യന്‍രാജ്യങ്ങളിലെ പഠനങ്ങളും ദേശസ്വത്വാന്വേഷണത്തിന്റെ ഭാഗമായിരുന്നു. ആദ്യത്തേത്‌ യജമാനന്‍ അടിമയെ നിയന്ത്രിക്കാന്‍ ആയിരുന്നുവെങ്കില്‍ രണ്ടാമത്തേത്‌ സ്വന്തം സ്വത്വം തിരിച്ചറിയാനായിരുന്നുവെന്ന വ്യത്യാസമേ ഉള്ളൂ. ദേശവും സംസ്കാരവും ചരിത്രവും ഇന്ന്‌ എപ്രകാരം പഠിക്കപ്പെടുന്നു എന്ന്‌ ഈ സന്ദര്‍ഭത്തില്‍ നാം ആലോചിക്കേണ്ടതുണ്ട്‌. സ്ഥലത്തിന്റെയും കാലത്തിന്റെയും ആഖ്യാനതലങ്ങളില്‍ അടിസ്ഥാനപരമായ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്‌. ഫോക്‌ലോര്‍ പഠന ങ്ങള്‍ ഇവയ്ക്കനുസരിച്ച്‌ മാറിയോ? 'ഇല്ല' എന്ന ഒറ്റ വാക്കില്‍ ഒതുങ്ങുന്നില്ല ഈ ചോദ്യ ത്തിന്റെ ഉത്തരം. സാമൂഹ്യശാസ്ത്രജ്ഞനായ ശിവ വിശ്വനാഥന്റെ ആശയം കടമെടുത്ത്‌ പറയട്ടെ 'സംസ്കാരം എന്ന സംജ്ഞ നഷ്ടബോധങ്ങളുടെ ഒരു സൂചകമായിട്ടാണ്‌ ഇന്ന്‌ നിലക്കൊള്ളുന്നത്‌. സംസ്കാരപഠനങ്ങളില്‍ കുടിയിരിക്കുന്ന സത്താവാദപരമായ മൌലിക വാദങ്ങളിലേക്കാണ്‌ അദ്ദേഹം വിരല്‍ചൂണ്ടുന്നത്‌.
സംസ്കാരത്തെ ഭൂതകാലബന്ധിതമാക്കുന്ന സത്താവാദപരമായവ്യവഹാരം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. വര്‍ഗ്ഗം, ലിംഗം തുടങ്ങി സംസ്കാരത്തിന്റെ സത്താവാദപരമായ ഭൂമികകളെല്ലാം ചോദ്യംചെയ്യപ്പെട്ടതിന്‌ ശേഷവും സ്ഥലകാലങ്ങള്‍ക്കെല്ലാം ഉപരിയായി നിലകൊള്ളുന്ന ഒരു സംസ്കാരതലത്തിന്‌ വേണ്ടി നഷ്ടബോധത്തോടെ നാം തിരയേണ്ടതുണ്ടോ? അത്തരമൊരു തലം നമ്മുടെ പിറകില്‍ അവശേഷിക്കുന്നുണ്ടോ? അഥവാ ഉണ്ടായിരുന്നുവെങ്കില്‍ക്കൂടി ഇക്കാലത്തുപോലും പുനരാവിഷ്ക്കരിക്കു വാനുതകുംവിധം അത്രയ്ക്ക്‌ മഹത്തരമായിരുന്നോ അത്‌? തനിമയുടെ ആ സ്വത്വങ്ങള്‍ തേടി എത്രകാലത്തോളം പിന്നിലേക്ക്‌ പോകാനാകും? അങ്ങനെ പോകുംതോറും പല സ്വത്വങ്ങളും ഛിന്നഭിന്നമാകില്ലേ ? ഛിന്നഭിന്നമാകാത്തവ പലതും അധികാരത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയുമൊക്കെ കഥകള്‍ പേറുന്നവയായിരിക്കില്ലേ?അവയുടെയല്ലാം പുനരാവിഷ്കാരം ഏതുതരം സിദ്ധാന്തങ്ങള്‍ക്കാണ്‌ ജീവന്‍കൊടുക്കുക?
വാസ്തവത്തില്‍, കേവലവും സ്വയംപൂര്‍ണ്ണവുമായ ഭൂതകാലത്തിലേക്കുള്ള തിരിച്ചു പോക്കാണ്‌ മതമൌലികവാദികളെപ്പോലെ തനിമാവാദികളും നടപ്പിലാക്കുന്നത്‌. ഇങ്ങനെയുള്ള തിരിച്ചുപോക്കുകളില്‍ കുടിയിരിക്കുന്ന അസഹിഷ്‌ണുതകള്‍ അങ്ങേയറ്റം അപകടകരമാണ്‌. ആധുനികകേരളം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന, ഒന്നിന്‌ പിറകെ മറ്റൊന്നായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അമിതാധികാരപ്രവണതയേടെയുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ തനിമാവാദപരമായ സ്വത്വസങ്കല്‍പങ്ങളുടെ അനിവാര്യമായ ഫലം തന്നെയാണ്‌. വൈജ്ഞാനികമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹ ത്തിന്റെ ആശയരൂപീകരണങ്ങളില്‍ ചെലുത്തുന്ന സ്വാധീനം തിരിച്ചറിഞ്ഞ്‌ അവയെ സൈദ്ധാന്തികമായി കൈകാര്യം ചെയ്യേണ്ടതുണ്ട്‌ . തനിമാവാദത്തെ പ്രതിരോധിക്കു വാനുള്ള ആശയപരമായ ഭൂമിക രൂപപ്പെടുത്തുന്നതില്‍ ഫോക്ലോര്‍ പോലുള്ള സാംസ്കാരികപഠനപദ്ധതികള്‍ക്ക്‌ നിര്‍ണ്ണായകമായ പങ്ക്‌ വഹിക്കുവാന്‍ സാധിക്കും.
ഫോക്‌ലോര്‍‍പഠനത്തിന്റെ ഇന്നത്തെ പ്രസക്തിയുമതാണ്‌.

ഫോക്‌ലോറിന്‌ പഴമയും പുതുമയും വേണോ?
ഫോക്‌ലോര്‍ എന്നാല്‍ നാടിന്റെ അറിവാണ്‌. അത്‌ കൂട്ടായ്മകളുടെ സൃഷ്ടിയാണ്‌. കൂട്ടങ്ങള്‍ അറിവിനെ സൃഷ്ടിക്കുന്നത്‌ അവയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ്‌. ആവശ്യങ്ങള്‍ സാഹചര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നവയാണ്‌. അക്കാരണത്താല്‍ വ്യതിയാനങ്ങള്‍ക്ക്‌ വിധേയവുമാണ്‌. ഒരു കാലത്ത്‌ നാടുകളുടെ ആവാസവ്യവസ്ഥകള്‍ തികച്ചും ലളിതവും ഉപജീവനസ്വഭാവം മാത്രം ഉള്ളതുമായിരുന്നു. ലളിതമായ ആവശ്യങ്ങള്‍ക്ക്‌ പരിമിത ങ്ങളായ അറിവുകള്‍ മാത്രമേ വേണ്ടിയിരുന്നുള്ളൂ. പിന്നീട്‌ നാടുകള്‍ മാറി, കൂട്ടങ്ങള്‍ മാറി, ആവാസക്രമങ്ങള്‍ മാറി, ആവശ്യങ്ങള്‍ മാറി. അത്‌ അറിവുകളുടെ രീതിയേയും സ്വഭാവത്തെയും മാറ്റിമറിച്ചു. ആ പ്രക്രിയ ഇന്നും തുടരുന്നു. ഒരുകാലത്തും ആവാസക്രമ ങ്ങള്‍ക്ക്‌ ഒരു സ്ഥിരസ്വഭാവം ഉണ്ടായിരുന്നില്ല. അതുപോലെ, അവിടെ രൂപമെടുക്കുന്ന അറിവുകളും മാറിക്കൊണ്ടേയിരിക്കും. ആധുനികതയുടെ ഭാഗമായ ഒരു അറിവിനും സ്ഥായി യായ നിലനില്‍പില്ലെന്ന്‌ ഇന്ന്‌ നമുക്ക്‌ അറിയാം. ജ്ഞാനോദയകാലംമുതല്‍ നിലനിന്നി രുന്ന, അറിവ്‌ സത്യമാണെന്ന ധാരണ തിരുത്തപ്പെട്ടിരിക്കയാണ്‌. അറിവ്‌ അധികാര മാണെന്നും കേവലമായ സത്യം എന്നൊന്ന്‌ ഇല്ലെന്നും ആധൂനികാനന്തരചിന്ത വെളിവാക്കി യിട്ടുണ്ട്‌. അറിവിനെ സത്യത്തിന്റെ തലത്തില്‍ വ്യവഹരിച്ച പാശ്ചാത്യചിന്താലോകം തന്നെ സത്യമെന്ന സംജ്ഞയെ ചോദ്യം ചെയ്യുകയും നിരസിക്കുകയും ചെയ്തു. മിഷേല്‍ ഫൂക്കോ, ഴാക്‌ ദെറീദ തുടങ്ങിയ ചിന്തകരുടെ അന്വേഷണങ്ങള്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്‌.
ഭ്രാന്ത്‌, ശിക്ഷ എന്നിവയെക്കുറിച്ചുള്ള ഫൂക്കോയുടെ നിരീക്ഷണങ്ങള്‍ തികച്ചും അന്വര്‍ത്ഥ ങ്ങളാണ്‌. സത്യം, അധികാരം, ധാര്‍മ്മികത എന്നിവയെക്കുറിച്ചുള്ള ധാരണകളെല്ലാം ഫൂക്കോ പൊളിച്ചെഴുതി. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അവയെല്ലാം ആധുനികതയുടെ വ്യാവഹാരികസൃഷ്ടികള്‍ മാത്രമാണ്‌. ഫൂക്കോ പറയുന്നു 'മദ്ധ്യകാലചരി ത്രത്തില്‍ ഭ്രാന്തനും വിഢ്ഢിയും സത്യത്തിന്റെ കാവല്‍ക്കാരായിരുന്നു. 17ാ‍ം നൂറ്റാണ്ടോ ടുകൂടി പുതുതായി രൂപം കൊണ്ട തൊഴില്‍ശാലകളുടെ അച്ചടക്ക-ശിക്ഷണങ്ങള്‍ക്ക്‌ ഭ്രാന്തന്‍ മനസ്സുകള്‍ ഉപയോഗ്യമല്ലെന്ന്‌ വന്നപ്പോള്‍ ഭ്രാന്തിനെക്കുറിച്ചുള്ള അറിവുകളും മാറി. കാലക്രമേണ അവരുടെ സ്ഥാനം സാമൂഹ്യാവസ്ഥയുടെ പുറമ്പോക്കുകളിലായി.
ആധുനികസമൂഹത്തിന്റെ ലൈംഗികതയും ഈ വിധത്തില്‍ തന്നെ നിര്‍വ്വചി ക്കപ്പെട്ടതാണ്‌. ഈ നിര്‍വ്വചനങ്ങളാണ്‌ ലൈംഗികതയെ ധാര്‍മ്മികമോ വൈദ്യശാസ്ത്ര പരമോ വ്യാവസായികമോ ആയ ഉല്‍പന്നങ്ങളാക്കിയതെന്നും ഫൂക്കോ വാദിക്കുന്നു. 18ാ‍ം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ്‌ ഈ മാറ്റങ്ങള്‍. ജ്ഞാനോദയത്തിന്റെ മനുഷ്യസങ്കല്‍പ്പം തന്നെ അച്ചടക്കപരിശീലനത്തിന്റെ ആവശ്യകതയില്‍നിന്നും ഉടലെടുത്തതാണെന്ന്‌ അദ്ദേഹം വാദിച്ചു. ജയിലുകളും തൊഴില്‍ശാലകളും മാനസികരോഗാ ശുപത്രികളും എല്ലാം ഈ കാലഘട്ടത്തിന്റെ പുത്തന്‍ അധികാരകേന്ദ്രങ്ങളുടെ സൃഷ്ടിയാണ്‌ . സമൂഹം എന്ന സംജ്ഞ തന്നെ ഈ വിധം വ്യാവഹാരികമായ ഒരു സത്യം മാത്രമായി വേണം കാണേണ്ടത്‌. വസ്തുനിഷ്ഠതാവാദത്തില്‍ അധിഷ്ഠിതമായ ഒരു സൈദ്ധാ ന്തികരീതിയുടെ സൃഷ്ടിയാണത്‌. ഏതൊരു കാലഘട്ടത്തിലും നിലനിന്ന മനുഷ്യന്‍ എന്ന സങ്കല്‍പവും സമൂഹമെന്ന സങ്കല്‍പവും അതാതുകാലഘട്ടങ്ങളിലെ അധികാരകേന്ദ്ര ങ്ങളുടെ സൃഷ്ടിയായ അറിവുകള്‍മാത്രമാണെന്നും ഇതിനപ്പുറത്തുള്ള യാതൊരുവിധ ആധികാരികതയും അവയ്ക്ക്‌ കൊടുക്കേണ്ടതില്ലെന്നും ഫൂക്കോ ഉപദര്‍ശിക്കുന്നു. ചരിത്രസങ്കല്‍പ്പങ്ങളിലെ കാലക്രമങ്ങളെല്ലാം തന്നെ ഫൂക്കോ ഈ വിധം ചോദ്യം ചെയ്തു. തത്വശാസ്ത്രചരിത്രത്തിന്റെ മൂര്‍ത്തതകളെ അപനിര്‍മ്മാണവായനാരീതിയിലൂടെ ദെറീദ നിഷ്പ്രഭമാക്കി. സൈദ്ധാന്തികചിന്തകളുടെ ചരിത്രം പ്രാന്തവല്‍ക്കരണത്തിന്റെ കൂടി ചരിത്രമായിരുന്നുവെന്ന്‌ അദ്ദേഹം സമര്‍ത്ഥിച്ചു. പുറമ്പോക്കുകളുടെ കൂട്ടങ്ങള്‍തന്നെ സൃഷ്ടിച്ചുകൊണ്ടാണ്‌ സംസ്കാരം വളര്‍ന്നത്‌. ദെറീദയുടെ ഈ വാദത്തെ ആര്‍ക്കും നിഷേധിക്കാന്‍പോലുമായില്ല.
ചരിത്രം എന്നതുപോലെ സംസ്കാരവും വ്യാവഹാരികമായ നിര്‍മ്മിതിയാണ്‌ എന്ന്‌ സമകാലചിന്ത തിരിച്ചറിഞ്ഞിട്ടുണ്ട്‌. 'ഇന്ന്‌ ഇന്നലെകളുടെ ഒരു സൃഷ്ടിയല്ല' എന്നു ഫൂക്കോ പറഞ്ഞിട്ടുണ്ട്‌. സംസ്കാരം സമൂഹത്തിന്റെ നേര്‍പ്രതിഫലനം എന്നതിനെക്കാള്‍ ചരിത്ര സംബന്ധിയായ പ്രതീതി മാത്രമാണ്‌. ചരിത്രം, വര്‍ത്തമാനകാലത്തിലെ സംഭവങ്ങള്‍, തിരിച്ചറിവുകള്‍, താല്‍പര്യങ്ങള്‍ എന്നിവയാല്‍ നിരന്തരം പുനര്‍നിര്‍മ്മിക്കപ്പെട്ടു കൊണ്ടിരി ക്കുന്നതാണ്‌. അതാകട്ടെ ഒരു കാലത്തും ജനകീയമായിരുന്നില്ല എന്ന കീഴാളസമീപന ത്തിന്റെ കുറ്റപ്പെടുത്തല്‍ കൂടിയാകുമ്പോള്‍ ഈ വിമര്‍ശം പൂര്‍ണ്ണമാകുന്നു. ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചുള്ള ഇത്തരം ഉള്‍ക്കാഴ്ചകള്‍ വിമര്‍ശനാത്മകമായി സ്വാംശീകരിക്കാന്‍ വിമുഖമാവുന്നതിനാലാണ്‌ നേരത്തെ സൂചിപ്പിച്ച സത്താവാദപരമായ സമീപനത്തിന്റെ ചതിക്കുഴികളില്‍
ഫോക്‌ലോര്‍‍പഠനങ്ങള്‍ അകപ്പെടുന്നത്‌. ഇതാണ്‌ പഴമയുടെ മാഹാത്മ്യം തേടാന്‍ ഫോക്ലോറിസ്റ്റുകളെ പ്രേരിപ്പിക്കുന്നത്‌.ഫോക്‌ലോര്‍‍പഠനം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതാണ്‌.
സംസ്കാരപഠനത്തിനുള്ള ആധുനികാനന്തരരീതിശാസ്ത്രമായി ഫോക്‌ലോര്‍നെ കയ്യാളുക യാണോ അതോ ഭൂതകാലബന്ധിതമായ മൌലികവാദത്തില്‍ കുരുങ്ങിക്കിടക്കുകയാണോ വേണ്ടത്‌ എന്ന ചോദ്യമാണ്‌ പ്രശ്നത്തിന്റെ കാതല്‍. ഇതില്‍ ഏത്‌ വഴി വേണമെന്നതാണ്‌ ഫോക്ലോര്‍പഠിതാക്കള്‍ നടത്തേണ്ടി വരുന്ന തെരഞ്ഞെടുപ്പ്‌. കേരളത്തിലെ ഫോക്‌ലോര്‍‍ പഠിതാക്കള്‍ സാമാന്യേന ഭൂതകാലബന്ധിതമായ മൌലികവാദത്തില്‍ അഭിരമിക്കുന്ന നിലപാടാണ്‌ കൈക്കൊണ്ടിട്ടുള്ളത്‌. ഇതിനോടുള്ള ഒരു വിയോജനം എന്ന നിലയിലാണ്‌ ഈ പ്രബന്ധത്തില്‍ തുടര്‍ന്ന്‌ അവതരിപ്പിക്കുന്ന ആലോചനകള്‍. വര്‍ത്തമാന കാലഫോക്‌ലോര്‍‍പഠനം നേരിടുന്ന പ്രതിസന്ധിയെ മറികടക്കുന്നതിന്‌ സ്ത്രീവാദത്തിന്റ മേഖലയിലുണ്ടായിട്ടുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ അന്വേഷണങ്ങളെ മാതൃകയാക്കാവുന്നതാണെന്ന്‌ ഇവിടെ വാദിക്കുന്നു. ആധുനിക തത്വചിന്തകള്‍ ഉയര്‍ത്തി വിട്ട പ്രതിസന്ധികള്‍ അതിജീവിക്കാന്‍ കഴിഞ്ഞ ഒരു വിചാരലോകം അതിനുണ്ട്‌. സ്ത്രീപക്ഷപഠനചരിത്രത്തിന്റെ ഒരു ലഘുവിവരണത്തിലൂടെ ഇത്‌ വ്യക്തമാക്കാം.
സ്ത്രീപക്ഷപഠനത്തിലെ പുത്തനുണര്‍വുകള്‍
ആധുനികതത്വചിന്തയുടെ ചരിത്രം പുറമ്പോക്കുകളുടെ സൃഷ്ടിയുടെ ചരിത്രം കൂടിയാണെന്ന്‌ മുമ്പ്‌ സൂചിപ്പിക്കുകയുണ്ടായി. ദളിതരും കറുത്തവരും കുട്ടികളുമെല്ലാം ഇങ്ങനെ പ്രാന്തവത്ക രിക്കപ്പെട്ടവരായിരുന്നു. ഇക്കൂട്ടത്തില്‍ വംശീയവും ദേശീയവുമായ അതിരുകള്‍ ബാധക മാവാതെ സാര്‍വലൌകികമായിത്തന്നെ ഓരത്തിലേക്ക്‌ തള്ളിമാറ്റപ്പെട്ടവരാണ്‌ സ്ത്രീകള്‍. പുരുഷകേന്ദൃതമായ ജ്ഞാനവ്യവസ്ഥയാല്‍ അവഗണിക്കപ്പെട്ട പെണ്ണനുഭവങ്ങള്‍ ആധുനികാനന്തരകാലഘട്ടത്തില്‍ വൈജ്ഞാനികമേഖലയെ പുനര്‍നിര്‍ണ്ണയിച്ചുകൊണ്ട്‌ പൊതുവ്യവഹാരത്തിലേക്ക്‌ കടന്നുവന്നു. വര്‍ഗ്ഗം, മതം, ഭാഷ, വംശം, ജാതി എന്നിവ പരാദൃഷ്ടമാക്കിയ വിചാരരീതികളെയെല്ലാം അസ്ഥിരപ്പെടുത്തിക്കൊണ്ട്‌ ലിംഗവ്യത്യാ സങ്ങള്‍ ഏതൊരു പഠനമേഖലയിലും സ്ഥാനം പിടിച്ചു. ആരൊക്കെ ഏതു വിധത്തില്‍ അത്‌ പ്രയോജനപ്പടുത്തുന്നുവെന്നത്‌ പ്രസക്തമായ നിരവധി ചോദ്യങ്ങളുയര്‍ത്തുമെങ്കിലും അതിന്റെ സാന്നിദ്ധ്യം ആര്‍ക്കും നിഷേധിക്കാനാവില്ല. എങ്ങനെയിതു സാദ്ധ്യമായി എന്നത്‌ വിലയിരുത്തേണ്ട വസ്തുതയാണ്‌.
വര്‍ണ്ണവിവേചനത്തിനെക്കുറിച്ചും ലിംഗവ്യത്യാസത്തെക്കുറിച്ചും ആദ്യകാലത്തു വന്ന രചനകളെല്ലാം കേവലം രാഷ്ട്രീയമാണെന്നു മുദ്രകുത്തി വ്യവസ്ഥാപിത വിജ്ഞാനവിഭാഗങ്ങളെല്ലാം പുച്ഛിച്ചു തള്ളിയിരുന്നു. വസ്തുനിഷ്ഠതാവാദത്തിന്റെ ചട്ടക്കൂടുളെ ഭേദിച്ചുകൊണ്ട്‌ സ്ത്രീപക്ഷപഠനം എതിര്‍പ്പുകളെ അതിജീവിച്ചു. സമസ്തസാമൂഹ്യ ശാസ്ത്രമേഖലകളിലും അത്‌ കടന്നുചെന്നു. പഠനവിഷയങ്ങളിലും സിദ്ധാന്തരീതി കളിലുമെല്ലാം സ്ത്രീപക്ഷധാരണകള്‍ ഒരു സ്ഥിരം സാന്നിദ്ധ്യം തന്നെയായി. ഈ വളര്‍ച്ചയെ സ്ത്രീമുന്നേറ്റവാദികള്‍ വ്യത്യസ്തമായ മാനങ്ങളിലാണ്‌ വിശദീകരിക്കുന്നത്‌. എങ്കിലും രീതിശാസ്ത്രപരമായ ഒരു വളര്‍ച്ചയെന്ന നിലയിലാണ്‌ അവര്‍ അധികവും ഇതിനെ കാണുന്നത്‌. വസ്തുനിഷ്ഠതാവാദത്തില്‍ അധിഷ്ഠിതമായ മാര്‍ക്സിസം, ഘടനാവാദം തുടങ്ങിയ നിരവധി സൈദ്ധാന്തികരൂപങ്ങള്‍ക്കു വന്നുഭവിച്ച ശോഷണങ്ങള്‍ക്കൂടി തിരിച്ചറിയാന്‍ ആകുന്ന ഇന്നത്തെ പശ്ചാത്തലത്തിലാണീ ശ്രമം. പ്രസിദ്ധസ്ത്രീപക്ഷവാദിയായ റൈന്‍ഹാര്‍സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'നാനാവിധ മാര്‍ഗ്ഗങ്ങളുപയോഗിച്ച്‌ നാനാവിധ വിഷയങ്ങളെക്കുറിച്ച്‌ പരമാവധി ആഴത്തില്‍ പഠനം നടത്തുന്ന ഒരു ശാഖയാണ്‌ സ്ത്രീപക്ഷപഠനം. അതില്‍ രീതിശാസ്ത്രപരമായ യാതൊരുവിധ മേല്‍ക്കോയ്മകളും ഇല്ല. രീതിശാസ്ത്രത്തിന്റെ ശരിയും തെറ്റും അന്വേഷിക്കുന്നുമില്ല. ഏതു ദിശയിലും ചലിക്കുന്ന അമീബ പോലെയാണത്‌.' . 'രീതിയും രീതിശാസ്ത്രവും വൈജ്ഞാനികതയും എല്ലാം ഇട കലര്‍ന്നു കിടക്കുകയാണതില്‍.' . ഹാര്‍ഡിംഗിന്റെ അഭിപ്രായത്തില്‍ സ്ത്രീപക്ഷവാദ ത്തിന്റെ ഇന്നത്തെ അടിസ്ഥാനസ്വഭാവം അതിന്റെ വൈവിധ്യമാണ്‌. മുമ്പ്‌ സൂചിപ്പിച്ച ഏതു മാനദണ്ഡത്തിലൂടെ ചിത്രീകരിച്ചാലും ചുരുങ്ങിയത്‌ മൂന്നു വ്യത്യസ്ഥസമീപനങ്ങളെങ്കിലും അതിലടങ്ങിയിട്ടുണ്ടെന്ന്‌ അദ്ദേഹം വിലയിരുത്തുന്നു.
ഒന്നാമത്തെ ഘട്ടത്തില്‍ നിലവിലിരിക്കുന്ന തത്വസംഹിതകളോട്‌ സ്ത്രീപുരുഷവ്യത്യാസം എന്ന പുത്തന്‍പഠനമാനദന്ധം കൂട്ടിചേര്‍ക്കുവാനുള്ള ശ്രമമായിരുന്നു. വര്‍ഗ്ഗം, മതം തുടങ്ങിയ പഠനോപാധികളെന്നപോലെ ഒന്നാക്കി അതിനെ മാറ്റാനുള്ള ശ്രമങ്ങള്‍. ഫെമിനിസ്റ്റ്‌ എംപിരിസ്സിസം എന്നാണ്‌ ഹാര്‍ഡിംഗ്‌ ഈ ഘട്ടത്തെ വിളിക്കുന്നത്‌. വൈജ്ഞാനികലോകത്ത്‌ നിരവധി അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക്‌ ഈ കാലഘട്ടം വഴി തെളിക്കേണ്ടതായിരുന്നെങ്കിലും അവയെ എല്ലാം ലിംഗവ്യത്യാസം എന്ന ഒരു പുത്തന്‍മാനദണ്ഡത്തിന്റെ കൂട്ടിച്ചേര്‍ക്കല്‍ മാത്രമായി മാറ്റുകയാണുണ്ടായത്‌. ഇത്‌ ഉദ്ദേശി ച്ചവിധം മാറ്റങ്ങളൊന്നും സൃഷ്ടിച്ചില്ല. പക്ഷേ ആ തിരിച്ചറിവ്‌ സ്ത്രീപക്ഷപഠനങ്ങളെ അതിന്റെ രണ്ടാംഘട്ടത്തിലേയ്ക്ക്‌ നയിച്ചു.
സ്വയംവിമര്‍ശനാത്മകം എന്ന്‌ വിശേഷിപ്പിക്കുന്ന ഈ ഘട്ടത്തിലും പരമ്പരാഗത തത്വസംഹിതകളുടെ ആഖ്യാനശെയിലികളെ അടിസ്ഥാനമാക്കിതന്നെയുള്ള പഠനമാര്‍ഗ്ഗങ്ങളാണ്‌ സ്ത്രീപക്ഷപഠനങ്ങളുടെ മുന്നേറ്റങ്ങള്‍ക്കെല്ലാം തടസ്സമായത്‌. ഈ തിരിച്ചറിവ്‌ വളരെ വേഗത്തില്‍ തന്നെ സ്ത്രീപക്ഷപഠനരീതികളെ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുകയും അത്‌ ഒരു പുത്തന്‍രീതിശാസ്ത്രം തേടിയുള്ള അന്വേഷ ണങ്ങളായിട്ട്‌ അതിനെ മാറ്റുകയും ചെയ്തു. ആത്മനിഷ്ഠതാവാദത്തിലേയ്ക്കും മറ്റും സ്ത്രീപക്ഷ പഠനം തിരിഞ്ഞത്‌ ഈ സമയത്തിലാണ്‌. ഈ മാറ്റങ്ങളാണ്‌ മൂന്നാമത്തെ കാലഘട്ടത്തിന്‌ ശക്തിസ്രോതസ്സായതും.
പുനര്‍നിര്‍വ്വചനകാലഘട്ടം എന്നാണിത്‌ അറിയപ്പെട്ടുന്നത്‌. ഈ കാലഘട്ടത്തില്‍ തന്നെയാണ്‌ സ്ത്രീപക്ഷപഠനം അതിന്റെ കുതിച്ചു ചാട്ടം നടത്തിയതും. ഉത്തരാധുനിക തത്വസംഹികളുടെ സ്വാധീനത്തില്‍ ആമൂര്‍ത്തവും വികേന്ദ്രീകൃതവുമായ സ്വത്വസങ്കല്‍പ്പ ങ്ങളിലേക്ക്‌ സ്ത്രീവാദങ്ങളെ കടത്തിവിട്ടത്‌ ഇക്കാലത്താണ്‌.
മനുഷ്യജീവിതത്തിന്റെ വ്യാവഹാരികാടിസ്ഥാനങ്ങളെ കണ്ടെത്തി അതിലടങ്ങിയിട്ടുള്ള അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്ത്‌ സ്ത്രീപക്ഷപഠനങ്ങള്‍ ഒരു പുത്തന്‍ രീതിശാസ്ത്രത്തിനു തന്നെ രൂപം കൊടുത്തു. കുടുംബം, ലൈംഗികത മുതലായ സമസ്യകളിലടങ്ങിയിട്ടുള്ള അടിസ്ഥാനവൈരുദ്ധ്യങ്ങളെ തുറന്നുകാട്ടാന്‍ ഈ രീതിശാസ്ത്രത്തിനായതും ഇപ്പോള്‍ മാത്രമാണ്‌. ലക്കാന്‍, ഫൂക്കോ തുടങ്ങിയ ഉത്തരാധുനികചിന്തകരുടെ ചുവടുപിടിച്ച്‌ പുറമ്പോക്കുകളിലേയ്ക്ക്‌ തള്ളിയിടപ്പെട്ട മനുഷ്യാവസ്ഥകളെ, ലൈംഗികാഗ്രഹങ്ങളെ, അനുഭവങ്ങളെയെല്ലാം അത്‌ വിശകലനവിഷയങ്ങളാക്കി മാറ്റി. വ്യഭിചാരകര്‍ മുതല്‍ ലൈംഗികതയുടെ നിര്‍വ്വചിതപാതകള്‍ക്ക്‌ വെളിയില്‍ നിലകൊണ്ട സ്വവര്‍ഗ്ഗരതിക്കാരും നപുംസകരുമൊക്കെ അക്കാദമികവിശകലനങ്ങളില്‍ സ്ഥാനം പിടിച്ചു. സ്ത്രീകള്‍, കുട്ടികള്‍, മൃഗങ്ങള്‍, അടിമകള്‍, പ്രകൃതി എന്നു വേണ്ട ആധുനിക തത്വസംഹിതകളില്‍ ഇടംലഭിക്കാതെ പോയ, പ്രാന്തവത്കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട, നിശ്ശബ്ദരാക്കപ്പെട്ട എല്ലാ ജൈവാവസ്ഥകളെയും പ്രകടമായി ഉള്‍ക്കൊള്ളാനാകുന്ന ഒരു പുത്തന്‍രീതിശാസ്ത്രമായി അതു വളര്‍ന്നു. ബ്ലാക്ക്ഫെമിനിസം, വൈറ്റ്ഫെമിനിസം, മൂന്നാംലോകഫെമിനിസം, ലെസ്ബിയന്‍ഫെമിനിസം, ഇക്കോഫെമിനിസം എന്നൊക്കെ യുള്ള പുത്തന്‍ വകഭേദങ്ങള്‍ പൊട്ടിമുളച്ചു വന്നു. നിലവിലിരിക്കുന്ന ധാര്‍മ്മികബോധ ങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞുപാര്‍ക്കുന്ന പക്ഷപാതങ്ങളെ പുറത്തുകൊണ്ടുവരികയും അതിന്‌ പകരം നില്‍ക്കാവുന്ന ജീവിതഗന്ധിയായ ഒരു ബദല്‍ മൂല്യബോധത്തിന്‌ രൂപംകൊടുക്കുകയും ചെയ്തു. ശാസ്ത്രീയതയുടെ പേരില്‍ സാംസ്കാരികാവസ്ഥയുടെ പേരില്‍ രഹസ്യവല്‍ക്കരിക്കപ്പെടുകയും അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും ചെയ്ത വ്യക്തിജീവതാ വസ്ഥകളെ പൊതുസമസ്യകളാക്കി മാറ്റി.
1980-കളിലും 90-കളിലുമായി രൂപമെടുത്ത സ്ത്രീപക്ഷപഠനങ്ങളധികവും ഈ സ്വഭാവമുള്ളതായിരുന്നു. പ്രാപഞ്ചികമായ ജ്ഞാനസങ്കല്‍പങ്ങളെ ആധാരമാക്കി രൂപ മെടുത്ത സ്ത്രീ പക്ഷവാദക്കാരെ ഇവര്‍ തള്ളിപ്പറഞ്ഞു. പ്രായം, വര്‍ഗ്ഗം, ദേശം, നിറം, ലൈംഗികത എന്നിവയുടെയെല്ലാം വൈജാത്യങ്ങളെ മുന്‍നിര്‍ത്തി സ്ത്രീ എന്ന സംജ്ഞ യെത്തന്നെ ബഹുവചനമാക്കി. അതിലെല്ലാം അടങ്ങിയിട്ടുള്ള വ്യതിരിക്തതകളെ സാധൂകരിച്ചു. ഈ പട്ടിക ഇങ്ങനെ നീണ്ടുപോകുമ്പോള്‍ ആധുനികതയുടെ തത്വചിന്തകര്‍ സ്ഥിരപ്രതിഷ്ഠനടത്തിയ സൈദ്ധാന്തികതലങ്ങള്‍ ഒന്നിനു പുറകെ ഒന്നായി അപനിര്‍മ്മണത്തിനിരയായി. സംസ്കാരം എന്നല്ല സാമൂഹ്യപുരോഗതിയുടേയും, നവോ ത്ഥാനത്തിന്റെയും എല്ലാ ദര്‍ശനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. അവയെല്ലാം തികച്ചും ഇല്ലാതായി എന്നല്ല ഇവിടെ സമര്‍ത്ഥിക്കുന്നത്‌. അവയും പുത്തന്‍പ്രതിരോധങ്ങള്‍ക്കു രൂപം കൊടുത്ത്‌ അതിജീവനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ തിരയുന്നുണ്ട്‌. അതു പക്ഷേ തികച്ചും അപകടകരമായ മൌലികവാദപരമായ സ്വത്വാന്വേഷണങ്ങളായിട്ടാണ്‌ നീങ്ങിയത്‌. ലോകമെമ്പാടും ഉയ ര്‍ന്നു പൊങ്ങുന്ന മതപരവും, ജാതിപരവും ദേശപരവുമായ മൌലിക വാദപ്രസ്ഥാനങ്ങളുടെ വിചാരധാര ഇതാണ്‌. ഇത്തരം മുന്നേറ്റങ്ങളുടെ സ്വാഭാവികമായ ഒരു ലക്ഷ്യം സ്ത്രീകളായതും ഇതുകൊണ്ടാണ്‌. ഫോക്‌ലോര്‍ പോലുള്ള പൂര്‍വ്വാധുനികചിന്താ സരണികള്‍ പോലും ഈ ധാരയില്‍ മാത്രമാണ്‌ നീങ്ങിയത്‌. പഴമയുടെ സംരക്ഷണവും പുനരാവിഷ്ക്കരണവുമായി നാട്ടറിവു പഠനത്തെ നിര്‍വ്വചിച്ചത്‌ ഇക്കൂട്ടരാണ്‌. ഇന്നും അവരതു തുടരുന്നു. ഇനിയുമതു തുടരണോ എന്നത്‌ നാട്ടറിവുപഠനം ഇന്നു നേരിടുന്ന പ്രതിസന്ധി യുടെ പേരിലെങ്കിലും നാം ചിന്തിക്കണം. ഭാഷയുടെയും മതത്തിന്റെയും ജാതിയുടെയും ലിംഗവ്യത്യാസത്തിന്റെയും തുടങ്ങിയുള്ള നിരവധി അസഹിഷ്‌ണുതകള്‍ ചുറ്റും ശക്തിയാര്‍ജ്ജിക്കുമ്പോഴെങ്കിലും നാമൊരു വീണ്ടുവിചാരത്തിന്‌ തുനിയേണ്ടതല്ലേ. സ്ത്രീപക്ഷപഠനചരിത്രം കൈമാറിത്തരുന്ന എല്ലാവിധ മേല്‍ക്കോയ്മകളെയും നിരാകരിച്ചുകൊണ്ട്‌ കുതിച്ചുയരുന്ന ഒരു പുത്തന്‍വൈജ്ഞാനികതയായി അതിനെ മാറ്റേണ്ടതുണ്ട്‌..

പുതുമയുടെ ഫോക്‌ലോറുകള്‍: സാമൂഹ്യശാസ്ത്രത്തിനൊരു ബദല്‍രേഖ.
നാട്ടറിവുപഠനത്തെ നഷ്ടബോധത്തിന്റെ വിചാരധാരയില്‍ ഒതുക്കിയിടുന്നവര്‍ വരുംതലമുറയുടെ ജീവിതത്തിനും കൂട്ടായ്മയ്ക്കും ബോധമണ്ഡലത്തിനും എല്ലാം കൂച്ചുവിലങ്ങിടുകയാണ്‌ ചെയ്യുന്നത്‌. 'നാം ഒരു പുരാതനസംസ്കാരത്തിന്റെ അനന്തരാവകാശി കളായിരിക്കാം. പക്ഷേ നമ്മുടെ ജനസമൂഹം മുഴുവന്‍ ചെറുപ്പമാണ്‌. അവര്‍ക്ക്‌ അവരുടെ കൂട്ടങ്ങളും നാടും ആവശ്യങ്ങളും അറിവുകളുമെല്ലാം സ്വന്തമായുണ്ട്‌. അവയെ നിഷേധി ക്കുകയും അവയുടെ മുകളില്‍ പൌരാണികതയുടെ സ്ഥിരപ്രതിഷ്ഠനടത്താന്‍ തുനിയുക യുമെന്നത്‌ സംസ്കാരം എന്ന ആശയത്തെ പരിപോഷിപ്പിക്കുകയാവില്ല. കടന്നുകയറ്റം മാത്രമേയാകൂ. ആധുനികതയുടെ കടന്നുകയറ്റംപോലെ മറ്റൊന്ന്‌. അല്ലെങ്കില്‍ തന്നെ നമ്മുടെ പൌരാണികസംസ്കൃതിയെന്നത്‌ കേരളംപോലുള്ള ഒരു കൊച്ചുനാട്ടുപ്രദേശത്തിനു പോലും ഏകമാനരൂപകമായി നിര്‍വ്വചിക്കാവുന്നവയാണോ എന്നു ചിന്തിക്കണം. ചരിത്രകാരനായ രാജന്‍ ഗുരുക്കള്‍ പറയുംവിധം ഈ തനിമാവാദങ്ങള്‍ക്ക്‌ പലപ്പോഴും രണ്ടോ മൂന്നോ നൂറ്റാണ്ടിന്റെ ആഴം മാത്രമേ ഉള്ളൂ എന്നത്‌ ശ്രദ്ധേയമായ കാര്യമാണ്‌ (ഗുരുക്കള്‍ - 1997). എന്താണിന്ന്‌ മലയാളിയുടെ സ്വത്വസങ്കല്‍പ്പം. ഭാഷയും വേഷവും ആചാരവും അനുഷ്ഠാനവും തുടങ്ങി ഏതൊക്കെ തലങ്ങളിലാണീ സ്വത്വസങ്കല്‍പ്പങ്ങള്‍ക്ക്‌ സത്താപരമായ എകത്വമുള്ളത്‌? ഏതു കാലത്തിലെ സ്വത്വത്തെയും അറിവിനെയാണ്‌ നാം സ്ഥിരപ്പെടുത്തേണ്ടത്‌. ഫോക്ലോര്‍പഠനക്കാര്‍ ഈ ചോദ്യം സ്വയം ചോദിക്കണം. സംസ്ക്കാരത്തിന്റെ നഷ്ടബോധങ്ങള്‍ക്കൊപ്പം ഈ പരിണാമങ്ങളുടെ ജൈവികതലങ്ങള്‍ സ്വയം കണ്ടെത്തണം. അത്‌ കണ്ടെത്താനുള്ള രീതിശാസ്ത്രങ്ങള്‍ ആര്‍ജ്ജിക്കണം. സ്ത്രീപക്ഷ പഠനക്കാര്‍ സ്വയം സൃഷ്ടിച്ചെടുത്ത ബദല്‍ദര്‍ശനങ്ങള്‍ നമ്മളും കൈവശപ്പെടുത്തണം. ഇതിനേറ്റവും സാദ്ധ്യമാകുന്ന ഒരു വിചാരധാര തന്നെയാണ്‌ ഫോക്ലോര്‍ പഠനം. മനുഷ്യജീവിതത്തിന്റെ പ്രാഥമികാവസ്ഥകളോട്‌ സംവദിക്കുന്ന ഒരറിവാണ്‌ ഫോക്‌ലോര്‍. ഇന്നത്തെ സൈദ്ധാന്തികതലങ്ങളിലൊന്നിലും അധികമൊന്നും വെളിപ്പെടാത്ത ഒരു തലമാണിത്‌ എന്നത്‌ തന്നെയാണീ വാദത്തിന്റെ അടിസ്ഥാനം. ഈ വിധത്തില്‍ ചിന്തി ച്ചാല്‍ സാമൂഹ്യപഠനമേഖലയക്ക്‌ ആകമാനം ഒരു പുതുവിചാരധാര തന്നെ പ്രദാനം ചെയ്യാന്‍ ഫോക്‌ലോര്‍പഠനത്തിന്‌ സാധിക്കും.

ഫോക്‌ലോര്‍പഠനത്തിന്റെ ഘടനാവാദാനന്തരകാലത്തെ ആവശ്യങ്ങള്‍
ഘടനാവാദത്തിലധിഷ്ഠിതമായി നിന്ന്‌ അതിനപ്പുറമൊരു വസ്തുതാപഠനത്തിന്‌ മനുഷ്യമസ്തിഷ്ക്കത്തിന്‌ ശേഷിയില്ല എന്നും മറ്റും വാദിക്കുന്നവര്‍ ഈ പഠനമേഖലയ്ക്ക്‌ ഒരു ബാധ്യത മാത്രമാണിന്ന്‌. അക്കൂട്ടര്‍ പരിഗണിക്കാതെ പോകുന്ന ചിന്താധാരകളിലേക്ക്‌ കൂടി ശ്രദ്ധ തിരിക്കണമെന്നിവിടെ വാദിക്കുന്നതിന്റെ സാംഗത്യവും അതാണ്‌. സാമൂഹ്യപഠനങ്ങള്‍ ഘടനാപരമാകണമെന്ന്‌ വാദിക്കുന്നവരാണ്‌ ഘടനാവാദികള്‍. ഘടനകള്‍ പ്രതിനിധാനം ചെയ്യുന്ന ഘടകങ്ങളെയെല്ലാം നിരാകരിച്ചുകൊണ്ടാണ്‌ അവര്‍ ഇത്‌ ചെയ്യുന്നത്‌. ഈ ഘടകങ്ങളുടെയെല്ലാം അവസ്ഥാന്തരങ്ങളെ ദ്വന്ദ്വാത്മക സ്വഭാവമുള്ള ഒരു കേന്ദ്രാവസ്ഥയിലേയ്ക്ക്‌ ചുരുട്ടിക്കൂട്ടുകയാണ്‌ അവര്‍. ഈ സമീപനത്തിനെ തിരെയാണ്‌ ഴാക്‌ ദെറീദയുടെ അപനിര്‍മ്മാണം വാളോങ്ങിയത്‌. സമൂഹത്തിനന്നെല്ല മനുഷ്യമനസ്സിനുപോലും ഘടനാവാദികള്‍ പറയുംവിധമൊരു കേന്ദ്രസ്വഭാവം ഇല്ല എന്നദ്ദേഹം വാദിച്ചു. സ്ഥിരമായ ഒരു കേന്ദ്രം അല്ലെങ്കില്‍ സ്ഥായിയായ ഒരു ഘടന, സത്യം തന്നെ ഇല്ലെന്നദ്ദേഹം തെളിയിച്ചു.
ദെറീദയുടെ അത്രയും തന്നെ അരാജകത്വത്തെ സാധൂകരിക്കാത്ത മറ്റൊരു ഫ്രഞ്ച്തത്വചിന്തകനായ പിയേര്‍ ബൊര്‍ദോവിന്റെ ഹാബിറ്റസ്‌ എന്ന സങ്കല്‍പ്പവും പ്രസിദ്ധ ബ്രിട്ടീഷ്‌ സാമൂഹ്യശാസ്ത്രജ്ഞനായ ആന്റണി ഗിഡ്ഡന്‍സിന്റെ ഘടനാ വല്‍ക്കരണസിദ്ധാന്തവും എല്ലാം ഘടനാവാദത്തിന്റെ ഈ മൂര്‍ത്തസങ്കല്‍പങ്ങളെ ചോദ്യം ചെയ്യുന്നവതന്നെയാണ്‌. ഘടനാവല്‍ക്കരണം എന്നത്‌ നിരന്തരമായ ഒരു പ്രക്രിയ യായിട്ടാണ്‌ ഈ രണ്ടു ചിന്തകരും കാണുന്നത്‌. ഘടനയെന്നതിന്‌ ഒരു നൈമിഷിക സ്വഭാവം മാത്രമേയുള്ളൂ എന്ന്‌ ഗിഡ്ഡന്‍സ്‌ വാദിച്ചു. ഘടനാവാദാനന്തരമായി ഉയര്‍ന്നു വന്നിട്ടുള്ള നിരവധി മറ്റു ചിന്തകര്‍ക്കും ഇതേ നിരീക്ഷണം തന്നെയാണുള്ളത്‌. ഫോക്ലോര്‍പഠനത്തിന്റെ ആധുനികത തുടങ്ങുന്നതും അതിന്റെ ഇന്നത്തെ വിചാരധാര നിലനില്‍ക്കുന്നതും അലന്‍ ഡന്‍ഡിസിനെപ്പോലുള്ള ഘടനാവാദസൈദ്ധാന്തി കരിലാണെന്ന്‌ പറയുന്നത്‌ (രാഘവന്‍ പയ്യനാട്‌-1997)കേരളത്തിലെ ഫോക്ലോര്‍പഠന ങ്ങളുടെ പിന്നോക്കാവസ്ഥയുടെ തെളിവാണെന്ന്‌ പറയാതിരിക്കാനാവില്ല.
വ്യക്തിയുടെ തലങ്ങള്‍ക്ക്‌ ഉപരിയായിട്ടുള്ള മൂര്‍ത്തതകളെ തിരയുന്ന ഇവര്‍ വ്യക്തിയുടെ തലത്തില്‍ പോലും സ്ഥിരമായ ഒരു മൂര്‍ത്തതയില്ലെന്ന്‌ തിരിച്ചറിയാത്തവരായതും ഇതു കാരണമാണ്‌. ഒളിഞ്ഞിരിക്കുന്ന ലോകസത്യം തിരയുന്നവരായി അവരൊക്കെ മാറി. ഫോക്‌ ലോര്‍‍പഠനത്തിന്റെ ലക്ഷ്യത്തെ കൂട്ടായ്മകളുടെ ലക്ഷ്യം തേടിയുള്ളവയാക്കിയതും ഈ സത്യാന്വേഷികളാണ്‌. എന്നാല്‍ അവര്‍ കണ്ടെത്തിയ കൂട്ടായ്മകളാകട്ടെ ജാതിയും വര്‍ണ്ണവും വര്‍ഗ്ഗവും പോലുള്ളവയാകാമെന്നുകൂടി പറയുന്നിടത്ത്‌ (പയ്യനാട്‌-1997) അതിലെ അപകട വും നമുക്ക്‌ ദര്‍ശിക്കാനാകും. കാരണം, ഈ സ്വത്വങ്ങള്‍ക്കൊന്നും ഏകമാനരൂപത്തിലുള്ള ഒരു നിര്‍വ്വചനംപോലും ഇന്നും നിലവിലില്ല എന്നതു തന്നെ. വര്‍ണ്ണവിവേചനത്തിനെ തിരെയുള്ള ഡര്‍ബന്‍സമ്മേളനം ഉയര്‍ത്തിവിട്ട കോലാഹലങ്ങള്‍ മാത്രം മതി ഇതിനു തെളിവായിട്ട്‌. ജാതിയും വര്‍ണ്ണവും തമ്മിലുള്ള ബന്ധം പോലും ഇന്നും അനിര്‍വ്വചനീയ മായി തുടരുന്നുവെന്നതാണിത്‌ കാണിക്കുന്നത്‌.
ഈ വിധ ദാര്‍ശനികപ്രശ്നങ്ങളോട്‌ പ്രതികരിക്കാന്‍ ഫോക്‌ലോറിസ്റ്റുകള്‍ക്കാകണം. അതിന്റെ അഭാവം തന്നെയാണ്‌ മേഖല ഇന്നു നേരിടുന്ന വെല്ലുവിളിയ്ക്കാധാരം. ഘടനാവാദപരമല്ലാത്ത, സത്താവാദപരമല്ലാത്ത തരംതിരിക്കലിന്റെയും തിരസ്ക്കാരങ്ങളു ടെയും ഒന്നുമല്ലാത്ത, പ്രാന്തീയവല്‍ക്കരണങ്ങളില്ലാത്ത ജീവല്‍ഗന്ധിയായ കൂട്ടായ്മകളു ടെയും, അവയുടെ സൃഷ്ടികളാകുന്ന പുത്തന്‍അറിവുകളെയും എല്ലാം നാട്ടറിവുകളാക്കി മാറ്റണം.
ഫോക്‌ലോര്‍ എന്നാല്‍ പഴമയുടെ അറിവെന്ന ധാരണ മാറണം. പഴമയുടെ അറിവുകള്‍ നാട്ടറിവുകളല്ല എന്നല്ല ഇവിടെ ഉയര്‍ത്തുന്ന വാദം. പുതുമയുടെ അറിവുകള്‍ക്കും നാട്ടറിവാകാം. കാലങ്ങളുടെ തരംതിരിക്കലുകള്‍ക്കിവിടെ പ്രസക്തിയില്ല. പുത്തന്‍കൂട്ടായ്മ കളുടെ ജീവിതാവശ്യങ്ങള്‍ രൂപം കൊടുക്കുന്ന അറിവുകളെ കൂട്ടിച്ചേര്‍ക്കാതെ ഫോക്ലോര്‍പഠനം മുമ്പോട്ട്‌ പോകില്ല. പകരം ഈ കൂട്ടിച്ചേര്‍ക്കലൊന്നു കൊണ്ടു മാത്രം ഫോക്‌ലോര്‍പഠനമേഖലയ്ക്ക്‌ സാമൂഹ്യശാസ്ത്ര തത്വസംഹിതകളുടെയിടയില്‍ പ്രബലമായ ഒരു സ്ഥാനം കൈവശപ്പെടുത്താനുമാകും. ആധുനികതത്വചിന്തയുടെ വ്യാവഹാരിക തലങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാനാകാതെ പോയ ജീവിതാവസ്ഥകളെ പ്രതിപാദിക്കാനാകുന്ന ഒരു രീതിശാസ്ത്രമായി അതു വളരും. അതാകട്ടെ നമ്മുടെ ലക്ഷ്യവും

Thursday, July 13, 2006

അദ്ധ്യക്ഷന്‍ എത്തിയിട്ടില്ല

യോഗനടപടികള്‍ ആരംഭിക്കുന്നതിന്‌ മുമ്പ്‌ ക്ഷമാശീലരായ നമ്മുടെ സഭാവാസികള്‍ക്ക്‌ അവരുടെ സംസ്കാരസമ്പന്നമായ സൌമനസ്യത്തിന്‌ നന്ദി. എന്താണ്‌ യോഗനടപടികള്‍ എന്ന്‌ പറയാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണല്ലോ.കവി പറഞ്ഞതു പോലെ പറയുവാനേറെ മടിയുണ്ട്‌ നിന്നോട്‌ സുഖദമല്ലാത്ത കാര്യങ്ങള്‍. എന്നുമല്ല,വേറൊരു കവി ഇങ്ങനെയും പറഞ്ഞിട്ടുണ്ടല്ലോ:തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍.
കവികളെ ഒന്നിനു പിറകെ മറ്റൊന്നായി ഉദ്ധരിക്കുതിനാലാവാം ഒരു സഭാവാസി ഓ..ഓ.. മനസ്സിലായി,സാഹിത്യം ?സാഹിത്യം എന്നു പറയുന്നത്‌ ഈയുള്ളവന്‍ കേള്‍ക്കുന്നുണ്ട്‌. വരട്ടെ. അദ്ധ്യക്ഷന്‍ എത്തിയിട്ടില്ല എന്നതിനാല്‍ യോഗം തുടങ്ങാന്‍ ഒരിത്തിരി വൈകും പറയാനാണ്‌ ഇപ്പോള്‍ ഞാനിവിടെ നില്‍ക്കുന്നത്‌.
ആകയാല്‍ അത്രയും നേരം സഭാവാസികള്‍ക്ക്‌ ചായകുടിക്കാന്‍ പോവുകയോ,അല്ല,മഴക്കാലമായതിനാല്‍ മൂത്രശങ്ക കലശലായവര്‍ക്ക്‌ ഒന്നിനു പോവുകയും ചെയ്യാന്‍ ഇടയുണ്ട്‌ എന്ന്‌ അറിയിക്കട്ടെ.

Wednesday, July 12, 2006

സ്വാഗതം ഏല്ലാവര്‍ക്കും

ഇതൊരു പൊതുയോഗമാണ്‍.സംഘാടകന്‍ ഈ വിനീത ബ്ലോഗറാകുന്നു.ആകയാല്‍ ഈ പൊതുയോഗത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. നിയോഗം എന്ന പേരിലായിരുന്നു പണ്ട് കെ.എന്‍.ഷാജി നടത്തിയ മാസികയുടെ പേര്. അക്കാലമെല്ലാം പോയി. സമീക്ഷയും ജ്വാലയും ലിറ്റില്‍ മാഗസിനുകളെല്ലാം പ്രതിനിധാനം ചെയ്ത ഭാവുകത്വം അങ്ങനെ വെറുതേ പോയ്‌മറയുന്ന ഒന്നായിരുന്നുവോ? അല്ലെന്ന് എനിക്ക് ഉറപ്പാണ്. നമ്മുടെ പ്രബുദ്ധ കേരളം ഇന്നു കൈവരിച്ച വിനീതവിധേയസംസ്കാരത്തിന് പാകത്തിലുള്ള ഒരു അഭിരുചി നമ്മള്‍ ഔചിത്യപൂര്‍വ്വം രൂപപ്പെടുത്തിയതാണ് എന്നു പറയാന്‍ മാനികള്‍ മടികാണിക്കേണ്ടതില്ല.പാരതന്ത്ര്യം മാനികള്‍ക്ക് അമൃതിനേക്കാള്‍ പ്രിയംകരമാരിക്കുന്ന ഈ പുതുയുഗത്തില്‍ ഒരു അക്കാദമി അംഗത്വത്തിനോ അവാര്‍ഡിനോ വേണ്ടി ഏതു വേഷവും കെട്ടാന്‍ മടിയില്ലാത്ത പുതുയുഗ പൌരാവകാശികള്‍,ബുദ്ധിജീവികള്‍, ഇവരുടെയെല്ലാം ഗീര്‍വാണം കേട്ട് ഹൃദയവിശാലതയാര്‍ജ്ജിച്ച മാന്യസുഹൃത്തുക്കള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാഗതം.