സര്‍വ്വകലാശാലാതലത്തിലെ മലയാളപഠനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യത്യസ്തങ്ങളായ നിലപാടുകളില്‍ നിന്നുമുള്ള അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത് എന്നത് ഈ മറുകുറിപ്പിന്റെ ആമുഖമായി ഓര്‍മ്മിപ്പിക്കട്ടെ.
ഒന്നാമതായി ഭാഷാപഠനത്തിന് സര്‍വ്വകലാശാലാതലത്തില്‍ പ്രസക്തിയില്ല എന്ന നിലപാട്.
രണ്ടാമതായി, തൊഴിലധിഷ്ഠിതമായിരിക്കണം വിദ്യാഭ്യാസം എന്നും ഭാഷാപഠനം തൊഴില്‍സാദ്ധ്യത കുറഞ്ഞതാണ് എന്നുമുള്ള നിലപാട്.
മൂന്നാമതായി, കാലഹരണപ്പെട്ടതാണ് ഭാഷാപഠനത്തിന് പിന്തുടരുന്ന പാഠ്യപദ്ധതി എന്നത്.
ഒടുവില്‍, അഭിരുചിയ്ക്ക് അനുസൃതമായി വിഷയസ്വീകരണം സാദ്ധ്യമാവുന്നില്ല എന്നത്.
മേല്‍പറഞ്ഞവയില്‍ നിന്നും വ്യത്യസ്തമായ നിലപാടുകളില്ല എന്ന് പറയുന്നില്ല. എന്നാല്‍ സൂക്ഷമായ ആലോചനയില്‍ അത്തരം അഭിപ്രായങ്ങളെ മേല്‍പറഞ്ഞ നിലപാടുകളുമായി ബന്ധിപ്പിക്കാനാവും.
ഒരു വസ്തുത ഇത്തരം ചര്‍ച്ചയ്ക്ക് ആമുഖമായി ഓര്‍മ്മിക്കേണ്ടതുണ്ട്. ആദര്‍ശാത്മകമായ ഒരു അവസ്ഥയെ വിഭാവനം ചെയ്തുകൊണ്ടാണ് ഇത്തരം ചര്‍ച്ചകള്‍. വസ്തുനിഷ്ഠസാഹചര്യങ്ങളുമായി അവയ്ക്ക് വലിയ ബന്ധമൊന്നുമില്ല.
ദേശീയ തലത്തിലുള്ള മത്സരപരീക്ഷകളില്‍ മലയാളികള്‍ പിന്തള്ളപ്പെടുന്നുണമ്മുടെ പാഠ്യപദ്ധതിക്കെ മൊത്തത്തില്‍ കുഴപ്പമുണ്ട് എന്ന വാദം കൂടി ഇതോടൊപ്പം ഓര്‍മ്മിക്കേണ്ടതുണ്ട്.
ബ്രിട്ടീഷ് വിദ്യാഭ്യാസവ്യവസ്ഥയുടെ ഒരു പകര്‍പ്പാണല്ലോ നമ്മുടെ സര്‍വ്വകലാശാലകളുടെ അടിസ്ഥാനം. ഇംഗ്ലീഷ് ഒരു വിഷയം എന്ന നിലയില്‍ ബ്രിട്ടനില്‍ വരുന്ന കാലത്ത് അതിനെതിരെ കടുത്ത വിമര്‍ശനമുണ്ടായിരുന്നു. ഒരുപക്ഷെ, ഭൃത്യരോട് എങ്ങനെ പെരുമാറണം എന്നതായിരിക്കും ഇതിനെക്കാള്‍ പ്രസക്തമാവുക എന്നായിരുന്നു വിമര്‍ശനങ്ങളുടെ കാതല്‍ എന്ന് ടെറി ഈഗിള്‍ടണ്‍ എഴുതിയിട്ടുണ്ട്. പ്രയോജനവാദപരമായ കാഴ്ചപ്പാടാണ് ഇതെന്നു മനസ്സിലാക്കാം. തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിന് വാദിക്കുന്നവര്‍ പ്രയോജനവാദികളാണ്. കേരളത്തില്‍ തൊഴിലൊന്നും കിട്ടാനിടയില്ല എന്ന ഉല്‍കണ്ഠ കൊണ്ടുനടക്കുന്നവര്‍ ഈ പ്രയോജനവാദികളോടൊപ്പം അണിനിരക്കുന്നത് മനസ്സിലാക്കാം. അതിജീവനത്തിന്റ സമസ്യകള്‍ നേരിടുന്നവരോട് നമ്മുക്കും ജീവകാരുണ്യപരമായ ഉദാരതപുലര്‍ത്താം.
ശാസ്ത്രസാങ്കേതികവിദ്യകളുടേയും വിവരസാങ്കേതികവിദ്യയുടേയും കാലമാണിത്. ഇക്കാലത്തെ ഭാഷ അതിനാല്‍ മേല്‍പറഞ്ഞ വിഷയങ്ങളുടെ ഭാഷയാണ് എന്ന് വാദിക്കുന്ന ബുദ്ധിജീവി നാട്യക്കാരാണ് വേറൊരു വിഭാഗം. അവരോട് സഹതപിക്കുക. ഭാഷ ജ്ഞാനസമ്പാദനത്തിന് മാത്രമായുള്ള ഉപാധിയാണ് എന്ന ഇവരുടെ വാദം അവരുടെ സാംസ്കാരികമായ പിന്നോക്കാവസ്ഥയെ വെളിപ്പെടുത്തുന്നു.
പാഠ്യപദ്ധതി കാലഹരണപ്പെട്ടതാണെങ്കില്‍ പരിഷ്കരിക്കാവുന്നതേയുള്ളൂ. നവീനമായ കാഴ്ചപ്പാടും അഭിരുചികളുമുള്ളവരെ കണ്ടൊത്തി ഈ ചുമതല ഏല്‍പിക്കുകയാണ് വേണ്ടത്. നമ്മുടെ സര്‍വ്വകലാശാലകളും വിദ്യാഭ്യാസരംഗവും ഭരിക്കുന്നത് രാഷ്ട്രീയക്കാരുടെ പാദസേവകരാണ് എന്ന് എല്ലാവര്‍ക്കും അറിയാം. കോഴപ്പണം നല്‍കി ജോലിനേടിയവരാണ് നമ്മുടെ സ്വകാര്യകോളജ് അദ്ധ്യാപകരായ മഹാവിപ്ലവകാരികളില്‍ ഭൂരിപക്ഷവും. സ്വന്തം കാര്യം കാണാന്‍ എന്തു വൃത്തികേടിനും തയ്യാറായ ഈ സന്നദ്ധസേവാസംഘത്തിനെ പുറത്തുനിര്‍ത്താന്‍ സാധിക്കാത്ത കാലം വരെ ഒരു നല്ല നിര്‍ദ്ദേശവും പ്രാവര്‍ത്തികമാവില്ല. ഏറ്റവും ചുരുങ്ങിയത് കോഴനിയമനം വിദ്യാഭ്യാസരംഗത്ത് അവസാനിപ്പിക്കുകയെങ്കിലും വേണം. പാര്‍ട്ടി അജന്‍ഡയല്ലാത്ത പ്രവര്‍ത്തനത്തിന് അദ്ധ്യാപകര്‍ സന്നദ്ധമാകുന്ന നില ഉണ്ടാകണം. അത് വളരെ പ്രയാസകരമാണ്. അതിനാല്‍ ഈ പരിമിതിക്കുള്ളില്‍ നിന്ന് സാദ്ധ്യമാകുന്നത് എന്തെന്ന് ആലോചിക്കാനേ തരമുള്ളൂ.
നാക് അക്രിഡിറ്റേഷന്‍ അടിസ്ഥാനമാക്കിയേ ഇനിയുള്ള കാലത്ത് കേളേജുകള്‍ക്ക് യു.ജി.സി ഗ്രാന്റ് കിട്ടൂ എന്നായപ്പോള്‍ കേരളത്തിലെ സ്വകാര്യകോളജുകള്‍ ഭൂരിഭാഗവും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മെച്ചപ്പെട്ട ഗ്രേഡിംഗ് നേടാന്‍ ശ്രമിച്ചു.അതിനാല്‍ ഇന്ന് കേരളത്തിലെ കോളേജുകളില്‍ പലതും പത്തുകൊല്ലം മുമ്പ് ഉള്ളതിനേക്കാള്‍ നിലവാരത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഭീഷണിയിലൂടെയല്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ സാദ്ധ്യമല്ലാത്ത വ്യവസ്ഥയാണ് ഇതെന്നും പേടിപ്പിച്ചാല്‍ കാര്യം നടക്കും എന്നുമാണ് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നത്. ആരാണ് ഈ അക്കാദമിക്കുകളെ ചൂരല്‍ കാട്ടി നേര്‍വഴിക്ക് നടത്താനുള്ളത്?
മലയാളം എന്ന ഭാഷ എങ്ങനെ എഴുതാം വായിക്കാം എന്നല്ല സര്‍വ്വകലാശാലാതലത്തില്‍ പഠിപ്പിക്കുന്നത്. അതൊക്കെ കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ പഠിച്ചിരിക്കുമല്ലോ. അതിനാല്‍ രസതന്ത്രം, ഊര്‍ജ്ജതന്ത്രം, വിവരസാങ്കേതികവിദ്യ എന്നിത്യാദികളെപ്പോലെ നിശ്ചിതമായ ഒരു ഉള്ളടക്കം മലയാളം സര്‍വ്വകലാതലത്തില്‍ പഠിപ്പിക്കുമ്പോള്‍ ഉണ്ടായിരിക്കണം. ഒരു വിഷയം എന്ന നിലയില്‍ നിലനില്‍ക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ മലയാളത്തിനുണ്ട് എന്നതിനാലാണ് മദിരാശി സര്‍വ്വകലാശാലയുടെ കാലം മുതല്‍ ഇക്കാലം വരെ മലയാളം നിലനിന്നത്. കാലാനുസൃതമായ പരിണാമം വിഷയത്തിന്റെ ഉള്ളടക്കത്തിന് ഉണ്ടായിട്ടുണ്ട് എന്നു കാണാവുന്നതാണ്. ഞാന്‍ പഠിപ്പിക്കുന്ന കോളേജില്‍ കി്ീറൌരശ്ി ് ങമഹമ്യമഹമാ ടീളേംമൃലെ എന്ന ഒരു കോഴ്സ് മലയാളം ബി.എ യ്ക്ക് പഠിപ്പിക്കുന്നുണ്ട്.
ഏതെങ്കിലും ഒരു വിഷയം സര്‍വ്വതന്ത്രസ്വതന്ത്രമായ നിലനില്‍പുള്ളതാണ് എന്ന് ഇക്കാലത്ത് ആരും കണക്കാക്കുന്നില്ല.ചോയ്സ് ബെയ്സ്ഡ് ക്രഡിറ്റ് സിസ്റ്റം എന്ന പേരില്‍ നിരവധി കോഴ്സുകളിലൂടെ ഒരു ബിരുദത്തിന് ആവശ്യമായ ക്രഡിറ്റുകള്‍ നേടുക എന്ന സമ്പ്രദായം കേരളത്തിനു പുറത്തുള്ള സര്‍വ്വകലാശാലകള്‍ വരെ എത്തിയിട്ട് കാലമേറെയായി. നമ്മുടെ അക്കാദമിക്കുകള്‍ക്കും അവരുടെ രാഷ്ട്രീയയജമാനന്മാര്‍ക്കും ഇതൊന്നും ശ്രദ്ധിക്കുവാന്‍ സമയമില്ലാതെ പോയി.
ബ്ലോഗിലൂടെ നടക്കുന്ന ഈ ചര്‍ച്ചപോലെ ഒന്ന് നമ്മുടെ ആനുകാലികങ്ങളില്‍ വരാത്തതിന് കാരണം എന്തായിരിക്കാം?