ഡോ. മഹേഷ് മംഗലാട്ട്
എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് മലയാളവായനക്കാരുടെ ശ്രദ്ധ മയ്യഴി എന്ന കൊച്ചുപ്രദേശത്തില്‍ പതിയുന്നത്. കേരളസംസ്ഥാനത്തിലെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ ഇടയില്‍ സ്ഥിതിചെയ്യുന്ന ഒരു കൊച്ചുപ്രദേശമാണ് മയ്യഴി. മാഹി എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. കടത്തനാട്ടുരാജാവിന്റെ അധീനതയിലായിരുന്നു പണ്ട് ഈ പ്രദേശം. അന്ന് ഇതിന് മയ്യഴി എന്ന പേരില്ലായിരുന്നു. ഫ്രഞ്ച് കച്ചവടക്കാര്‍ കടത്തനാട്ടുരാജാവില്‍ നിന്ന് ഈ സ്ഥലത്ത് പാണ്ടികശാല പണിയുവാനായി അനുവാദം വാങ്ങി. ഫ്രഞ്ച് നാവികസംഘത്തിന്റെ തലവന്റെ പേര് മയേ (Mahe) ദ ലബൂര്‍ദ്ദൊനെ എന്നായിരുന്നു. അദ്ദേഹത്തിന്റെ പേര് ഫ്രഞ്ചുകാര്‍ ഈ ദേശത്തിന് നല്കിയെന്നും അങ്ങനെയാണ് മാഹി എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചതെന്നും കരുതപ്പെടുന്നു. മയേ എന്ന പേര് മയ്യഴി എന്ന മലയാളവാക്കായി കാലക്രമത്തില്‍ മാറി. മനോഹരമായ അഴിമുഖം എന്ന അര്‍ത്ഥത്തിലാണ് ഈ പേര്. മയ്യഴിപ്പുഴ അറബിക്കടലില്‍ ചെന്നുചേരുന്ന മനോഹരമായ അഴിമുഖമാണ് മയ്യഴിയുടേത്.
കച്ചവടത്തിനായി വന്ന ഫ്രഞ്ചുകാര്‍ കാലക്രമത്തില്‍ നാടിന്റെ ഭരണാധികാരികളായി. ബ്രിട്ടീഷുകാര്‍, പോര്‍ച്ചുഗീസുകാര്‍ എന്നിവരെപ്പോലെ നമ്മെ കീഴടക്കി ഭരിച്ചിരുന്ന വിദേശികളായിരുന്നു ഫ്രഞ്ചുകാര്‍. തമിഴ് നാട്ടിലെ പുതുച്ചേരി, കാരൈക്കല്‍, ആന്ധ്രപ്രദേശിലെ യാനം കേരളത്തിലെ മയ്യഴി എന്നീ പ്രദേശങ്ങളായിരുന്നു ഫ്രഞ്ചുകാരുടെ ഭരണത്തിനുകീഴില്‍ ഉണ്ടായിരുന്നത്. അതില്‍ മയ്യഴിയാവട്ടെ കേരളത്തിലെ ഒരു പഞ്ചായത്തിന്റെ വലുപ്പംപോലുമില്ലാത്ത പ്രദേശമാണ്. രണ്ടു് നൂറ്റാണ്ടോളം ഫ്രഞ്ചുകാരുടെ ഭരണത്തിനു കീഴിലായിരുന്നു ഈ ദേശം എന്നതിനാല്‍ സാംസ്കാരികമായി മയ്യഴി കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നു് പലരും കരുതുന്നു. എന്നാല്‍, വാസ്തവത്തില്‍ കേരളത്തിലെ അയല്‍പ്രദേശങ്ങളിലേതില്‍ നിന്നും സാംസ്കാരികമായ അന്തരം മയ്യഴിക്കുണ്ടെന്ന് പറയാനാവില്ല. കേരളത്തിലെ ഉത്സവങ്ങളാണ് മയ്യഴിക്കാര്‍ ആഘോഷിക്കുന്നത്, ആചാരങ്ങളാണ് പിന്തുടരുന്നത്. ഓണവും വിഷുവും കേരളീയരെപ്പോലെ പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മയ്യഴിയിലെ ജനങ്ങളും ആഘോഷിക്കുന്നു.
മയ്യഴിയുള്‍പ്പെട്ട വടക്കന്‍ കേരളത്തില്‍ ഓണത്തേക്കാള്‍ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത് വിഷുവാണ്. ഏപ്രില്‍ മാസത്തിലെ 14, 15 തിയ്യതികളില്‍ ചെറിയവിഷു, വിഷു എന്നീ പേരുകളില്‍ മയ്യഴിക്കാരും ആഘോഷിക്കുന്നു. പടക്കംപൊട്ടിച്ചും പുതുവസ്ത്രങ്ങള്‍ ധരിച്ചും വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയും എല്ലാവരും വിഷു ആഘോഷത്തില്‍ പങ്കാളികളാവുന്നു. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് ആഘോഷം കേമമാക്കുന്നു. പതിനഞ്ചാം തിയ്യതി പുലര്‍ച്ചെ വിഷുക്കണിയൊരുക്കി വീട്ടുകോലായയില്‍ വെക്കും. ചക്ക, മാങ്ങ, ചെറുപഴം, പൊതിച്ച തേങ്ങ, പൃത്തിക്കമാങ്ങ എന്ന് മയ്യഴിക്കാര്‍ വിളിക്കുന്ന കശുമാങ്ങ, ഉണ്ണിയപ്പം, കണ്ണാടി, കോടിമുണ്ട്, സ്വര്‍ണ്ണം, രാമായണം എന്നിവയാണ് ഓട്ടുരുളിയില്‍ കണികാണാനായി വെക്കുക. തുടച്ചുമിനുക്കിയ ഓട്ടുവിളക്കിനു പിന്നിലായാണ് ഇത് വെക്കുക. കൊന്നപ്പൂവ് കുലയായി പറിച്ചെടുത്ത് വീടിന്റെ ഉമ്മറത്ത് കെട്ടിവെക്കും. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഉറക്കമുണര്‍ന്നാല്‍ കണ്ണുതുറക്കാതെ കണികാണാനെത്തും. നേരത്തെ ഉണര്‍ന്നവര്‍ മറ്റുള്ളവരെ ഉണര്‍ത്തി, കണ്ണുപൊത്തി കണിയ്ക്കുമുന്നിലെത്തിക്കുകയാണ് രീതി. ഒരു വര്‍ഷത്തെ ഐശ്വര്യമാണ് ഈ കണികാണല്‍കൊണ്ട് ലഭിക്കുന്നത് എന്നാണ് വിശ്വാസം. കണികണ്ടുകഴിഞ്ഞാല്‍ കുട്ടികളും മുതിര്‍ന്നവരും പടക്കങ്ങള്‍ പൊട്ടിക്കും. പഴയകാലത്ത് ഓലക്കണ്ണി ഉപയോഗിച്ചുണ്ടാക്കുന്ന കോണ്‍ ആകൃതിയിലുള്ള ഓലപ്പടക്കങ്ങളാണ് ധാരാളമായി ഉപയോഗിച്ചിരുന്നത്. ഇത്തരം പടക്കങ്ങള്‍ ഉണ്ടാക്കിയിരുന്ന മൂന്ന് കുടുംബങ്ങള്‍ മയ്യഴിയിലുണ്ടായിരുന്നു. ഇന്ന് മറ്റെല്ലായിടത്തും എന്നതുപോലെ ശിവകാശിയില്‍ നിന്നും ചീനയില്‍ നിന്നും വരുന്ന പടക്കങ്ങള്‍ അങ്ങാടിയില്‍ നിന്നും വാങ്ങിയാണ് ഉപയോഗിക്കുന്നത്. നേരം പുലര്‍ന്നാല്‍ രാമായണം ഭക്തിയോടെ എടുത്ത് തുറക്കും. ഏഴുവരിയും എഴ് അക്ഷരങ്ങളും വിട്ട് വായിക്കും. അത് വിഷുഫലമായിരിക്കുമെന്നു് വിശ്വസിക്കപ്പെടുന്നു. തുറന്നുകിട്ടിയ പേജ് തുളസിയില വെച്ച് അടയാളപ്പെടുത്തും.
കണികാണല്‍ പോലെ മയ്യഴിവിഷുവിന് പ്രധാനമാണ് കണിവാരല്‍. ചെറുപ്പക്കാരും കുട്ടികളുമാണ് കണിവാരാന്‍ വരിക. വീടിനു് മുന്നിലെത്തിയാല്‍ കണിവാരിക്കോട്ടേ എന്ന് വിളിച്ചുചോദിച്ചുകൊണ്ട് അവര്‍ കൂട്ടമായി കടന്നുവരും. ഭംഗിയായി ഒരുക്കിയ കണി അലങ്കോലപ്പെടുത്താതിരിക്കാനായി ഉണ്ണിയപ്പം, ചെറുപഴം, മാങ്ങ എന്നിവ വേറെ തന്നെ എടുത്തുവെച്ചിരിക്കും. കണിവാരാന്‍ അനുവദിക്കാതെ അതില്‍ നിന്നും എടുത്തുകൊടുക്കുകയാണ് പതിവ്. കണിവാരാന്‍ അനുവദിക്കാതിരിക്കരുതെന്നാണ് പൊതുധാരണ. കൗശലക്കാര്‍ സ്വര്‍ണ്ണവും മറ്റും എടുത്തുകൊണ്ടുപോകും എന്നതിനാലുള്ള മുന്‍കരുതല്‍ എല്ലാവരും അംഗീകരിക്കുന്നു.
ഓണത്തിന് ഓണപ്പൊട്ടന്‍ ഉത്തരമലബാറില്‍ വിളിക്കുന്ന മാവേലീസങ്കല്പത്തിന്റെ വരവുള്ളതുപോലെ വിഷുവിന് ശ്രീകൃഷ്ണനെ എഴുന്നള്ളിക്കുന്ന രീതി മയ്യഴിയിലുണ്ടു്. കണിവാരല്‍ വിഷുനാളിലാണല്ലോ. തലേന്ന് ഇങ്ങനെ എന്തെങ്കിലും തമാശവേണം എന്ന് കരുതി ചെറുപ്പക്കാരായ ചിലര്‍ പത്തിരുപതു കൊല്ലം മുമ്പ് നടത്തിയതാണ് ശ്രീകൃഷ്ണനെ എഴുന്നള്ളിക്കല്‍. ശ്രീകൃഷ്ണന്റെ വേഷം കെട്ടിയ ഒരാള്‍ ചെറിയവിഷുനാളില്‍ സന്ധ്യയ്ക്കുശേഷം ഒരു സംഘത്തോടൊപ്പം ശംഖുവിളിയോടെ വീടുകളിലെത്തും. വീട്ടുകാര്‍ വിളക്കുകത്തിച്ച് വരവേല്ക്കും. നാണയങ്ങള്‍ നല്കും. ആദ്യം ഒരു വിസ്മയമായിരുന്നെങ്കിലും അടുത്ത വര്‍ഷംമുതല്‍ പല സംഘങ്ങള്‍ കൃഷ്ണനെ എഴുന്നള്ളിക്കാന്‍ തുടങ്ങി.
വിഭവസമൃദ്ധമായ സദ്യയും വിഷുക്കൈനീട്ടവും മറ്റിടങ്ങളില്‍ ഉള്ളതുപോലെ മയ്യഴിയിലും ഉണ്ട്. സദ്യയുടെ വിശേഷം മത്സ്യമാംസാദികളാണ്. ആട്ടിറച്ചിക്കറിയും ആവോലി, അയക്കൂറ പോലുള്ള വലിയ മത്സ്യങ്ങള്‍ പൊരിച്ചതും സദ്യയില്‍ ഉണ്ടാവണമെന്ന് മയ്യഴിക്കാര്‍ക്ക് നിര്‍ബ്ബന്ധമാണ്. മീനില്ലാത്ത ഭക്ഷണം അപൂര്‍ണ്ണമാണ് എന്നാണ് തീരപ്രദേശമായ മയ്യഴിക്കാരുടെ വിശ്വാസം. ഇപ്പോള്‍ ആട്ടിറച്ചിക്ക് പകരം നാമക്കലില്‍ നിന്ന് ലോറികളിലെത്തുന്ന കോഴിയാണ് വിഷുനാളുകളില്‍ മയ്യഴിക്കാരുടെ പ്രിയഭക്ഷണം. വിഷു വര്‍ഷാന്തപരീക്ഷയ്ക്കുശേഷമാണ് എന്നതിനാല്‍ അതിന്റെ ആഹ്ലാദം ഏറ്റവും അധികം അനുഭവിക്കുന്നത് വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ വര്‍ഷത്തിന്റെ മടുപ്പ് കളയുവാനും വരാനിരിക്കുന്ന വര്‍ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് നിറം നല്കുവാനും അവര്‍ വിഷുവിനെ കാത്തിരിക്കും.