Saturday, September 01, 2012

നാടകചരിത്രരചനയിലെ ചില കൗതുകങ്ങള്‍

ഡോ. മഹേഷ് മംഗലാട്ട്

കലാരൂപങ്ങളില്‍ ഓരോന്നിന്റെയും സംവേദനം മുഖ്യമായും ഒരു ഇന്ദ്രിയത്തിലൂടെയാണെന്നും നാടകം കണ്ണിന്റെ കലയാണെന്നും സൂക്ഷമദൃക്കായ ഒരു നിരൂപകന്‍ മലയാളികളെ ഓര്‍മ്മിപ്പിച്ചത് രണ്ട് പതിറ്റാണ്ട് മുമ്പാണ്. നാടകകൃത്തും ചിത്രകാരനും കൂടിയായിരുന്ന ഡോ.ടി.പി. സുകുമാരനാണ് ആ നിരൂപകന്‍. മലയാള നാടകവേദിയുടെ വികാസചരിത്രത്തെക്കുറിച്ച് മൗലികമായ ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞ ലേഖനങ്ങള്‍ രചിച്ച പ്രസ്തുതനിരൂപകന്‍ സ്വന്തം വീക്ഷണങ്ങള്‍ വിശദമാക്കുന്ന നാടകരചനകള്‍ അരങ്ങിലെത്തിക്കുകയും ചെയ്തു. ഉത്തരാധുനികതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മലയാളത്തില്‍ ശക്തി പ്രാപിക്കുന്നതിനു മുമ്പാണ് ഇതൊക്കെ സംഭവിച്ചത്. പിന്നീട് മലയാളസാഹിത്യം ഉത്തരാധുനികമായിക്കഴിഞ്ഞുവെന്നു സമര്‍ത്ഥിക്കുന്ന നിരവധി ലേഖനങ്ങള്‍ പുറത്തുവന്നു. സ്ഥൂലവും സൂക്ഷവുമായ തലങ്ങളിലൊക്കെ അഭിപ്രായവ്യത്യാസം പുലര്‍ത്തുന്ന പ്രസ്തുതലേഖനങ്ങള്‍ക്ക് പൊതുവായി കാണാവുന്ന സവിശേഷത, അവ നാടകസാഹിത്യത്തേയും നാടകവേദിയെക്കുറിച്ചും തികഞ്ഞ മൗനം പാലിച്ചുവെന്നതാണ്. മലയാളനാടകവേദി കേരളീയമായ ധൈഷണികജീവിതത്തിന്റെ പരിധിക്കുപുറത്തു കുടികൊള്ളുന്നുവെന്ന അപ്രഖ്യാപിത പൂര്‍വ്വാനുമാനം ഈ പഠനങ്ങളിലുണ്ട്. നാടകത്തെക്കുറിച്ചുള്ള ആലോചനകള്‍ ഇത്തരം പഠനങ്ങളില്‍ വിഷയീഭവിക്കാത്തതിനു കാരണം നാടകം മരിച്ചുവെന്നതാണ് എന്നു വിശദീകരിച്ചു കേട്ടിട്ടുണ്ട്. സിനിമയെക്കുറിച്ച് പറയുമ്പോള്‍ ഒരല്പം സൗമ്യമായി പ്രതിസന്ധിയെക്കുറിച്ച് ചിന്തിക്കുന്നവര്‍ നാടകം മരിച്ചു കഴിഞ്ഞു എന്ന കാര്യത്തില്‍ തീര്‍പ്പുള്ളവരാണ്. ഇത്തരം വിധിതീര്‍പ്പുകള്‍ ബാധിക്കാത്ത നാടകപ്രവര്‍ത്തനം കേരളത്തില്‍ എക്കാലത്തും സജീവമായിരുന്നു.

നാടകത്തിന്റെ മരണം

അമ്പതുകളിലും അറുപതുകളിലും അരങ്ങേറിയിരുന്ന അളവില്‍ ഇന്ന് നാടകങ്ങള്‍ അവതരിപ്പിക്കപ്പെടുന്നില്ല എന്ന സംഖ്യാനിഷ്ഠമായ മാനദണ്ഡമാണ് നാടകം മരിച്ചു എന്ന പ്രഖ്യാപനത്തിനു അടിസ്ഥാനം. സിനിമ, ടെലിവിഷന്‍ എന്നീ മാദ്ധ്യമങ്ങള്‍ നാടകത്തിന്റെ പ്രേക്ഷകരെ സ്വായത്തമാക്കിയെന്നും സിനിമാറ്റി ഡാന്‍സ്, മിമിക്രി എന്നിവയാണ് ഇന്ന് അരങ്ങുകളില്‍ നിറഞ്ഞുനില്ക്കുന്നത് എന്നും മേല്പറഞ്ഞ വാദത്തിനു ഉപോദ്ബലകമായി എടുത്തു കാണിക്കാറുണ്ട്. അതോടൊപ്പം, കേരളത്തില്‍ ഈ കാലയളവില്‍ ഉണ്ടായ നാടകാവതരണങ്ങളും നാടകരചനകളും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. നാടകത്തിന്റെ മരണത്തെക്കുറിച്ചുള്ള വാദങ്ങള്‍ ഒറ്റ നോട്ടത്തില്‍ത്തന്നെ യുക്തിശൂന്യമാണെന്നു വ്യക്തമാണ്. കലാചിന്തയില്‍ എണ്ണമല്ല, സൗന്ദര്യപരമായ മികവാണ് എന്നും പരിഗണിക്കപ്പെട്ടിരുന്ന മാനദണ്ഡം. സംഖ്യാബലത്തെ അടിസ്ഥാനമാക്കിയ ജനാധിപത്യബോധം വഴിമാറി നാടകചര്‍ച്ചകളില്‍ കടന്നു വരുമ്പോള്‍ സംഭവിക്കുന്ന സ്ഥലജലവിഭ്രാന്തിയാണ് പ്രസ്തുതവാദം വെളിപ്പെടുത്തുന്നത്. നാടകത്തിനു പകരമായി അരങ്ങിലെത്തുന്ന അവതരണങ്ങളുടെ പ്രാമുഖ്യം നിര്‍ണ്ണയിക്കപ്പെടുന്നതും സംഖ്യാബലം മുന്‍നിര്‍ത്തിയാണ്. കലാപരമായ യാതൊരു പരിഗണനയും അതില്‍ അന്തര്‍ഭവിക്കുന്നില്ല.

കലാപരമായ ആവിഷ്കരണം, വിനോദോപാധി എന്നിങ്ങനെ രണ്ടു തലം നാടകാവതരണങ്ങള്‍ക്കുണ്ട്. വിനോദോപാധി എന്ന നിലയിലുള്ള നാടകാവതരണങ്ങളാണ് എക്കാലത്തും എണ്ണത്തില്‍ മികച്ചു നിന്നിരുന്നത്. കേരളത്തില്‍ എന്നല്ല ലോകത്തിലെവിടെയും അങ്ങനെയായിരുന്നു സ്ഥിതി. അവതരണത്തിലും ആസ്വാദനത്തിലും എളുപ്പമുള്ള മറ്റു വിനോദോപാധികള്‍ മുന്‍കൈ നേടുന്നത് തികച്ചും സ്വാഭാവികമാണ്. മലയാളനാടകത്തിന്റെ കാര്യത്തിലും ഇതു പ്രസക്തമാണ്. ക്ലാസ്സിക്കല്‍ കലാരൂപങ്ങളെ പിന്‍തള്ളിയാണ് മലയാളനാടകവേദി ഇവിടെ വേരുറപ്പിച്ചത്. അക്കാലത്തെ സംഗീതനാടകങ്ങള്‍ അശിക്ഷിതഭാവുകത്വമുള്ള പ്രേക്ഷകസമൂഹത്തെയാണ് അഭിസംബോധനചെയ്തത്. വിനോദൈകധര്‍മ്മികളായ അത്തരം നാടകങ്ങളുടെ രചനയും അവതരണവും ഇന്നു ഏറെക്കുറേ ഇല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. ഇതു വാസ്തവത്തില്‍ നാടകത്തിന്റെ തളര്‍ച്ചയോ പ്രസക്തി നഷ്ടപ്പെടലോ വ്യക്തമാക്കുന്ന സൂചകമല്ല. അരങ്ങില്‍ ഈ കാലയളവില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ സാമാന്യാവലോകനം ഗൗരവപൂര്‍ണ്ണമായ സര്‍ഗ്ഗപ്രവര്‍ത്തനത്തിന്റെ മേഖലയായി നാടകം മുതിര്‍ന്നിരിക്കുന്നുവെന്നു വ്യക്തമാക്കും. ഒരു കലാരൂപത്തിന്റെ അസ്തിത്വത്തെ നിര്‍ണ്ണയിക്കുന്നത് അതിന്റെ ജനപ്രിയതയോ, പ്രസ്തുത മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കൃതികളുടെ എണ്ണമോ അടിസ്ഥാനമാക്കിയല്ല എന്ന തിരിച്ചറിവിന്റെ അഭാവമാണ് നാടകമരണസിദ്ധാന്തത്തിന്റെ പ്രഭവകേന്ദ്രം.

നാടകവും രാഷ്ട്രീയവും

മലയാളനാടക പ്രസ്ഥാനത്തിലെ വൃദ്ധിക്ഷയങ്ങള്‍ കേരളത്തിലെ രാഷ്ട്രീയപ്രബുദ്ധതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന ഒരു പൂര്‍വ്വാനുമാനം പ്രശസ്തമാണ്. പാട്ടബാക്കി, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നിങ്ങനെയുള്ള രചനകള്‍ മലയാളനാടകചരിത്രത്തിലെ നഴികക്കല്ലുകളായി നിരീക്ഷിക്കപ്പെടുന്നത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ കൈത്താങ്ങ് മലയാളനാടകപ്രസ്ഥാനത്തിന്റെ ജീവവായുവായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഇത്തരം വിശ്വാസങ്ങള്‍ നമ്മെ നയിക്കുന്നത് മറ്റു ചില ചോദ്യങ്ങളിലേക്കാണ്. മലയാളനാടകം മരിച്ചുവെന്ന പ്രഖ്യാപനം ഇടതുപക്ഷരാഷ്ട്രീയത്തിന്റെ അന്ത്യം വ്യക്തമാക്കുന്ന സൂചകമാണോ എന്നത് ഇക്കൂട്ടത്തില്‍ ഒരു ചോദ്യമാണ്. നാം പ്രബുദ്ധത നഷ്ടപ്പെട്ട സമൂഹമായി പരിണമിച്ചിരിക്കുന്നുവെന്ന സാമാന്യവത്കരണം സാധുതയുള്ളതാണോ എന്നത് മറ്റൊരു ചോദ്യമാണ്. കേരളത്തില്‍ ഇന്ന് നിലവിലുള്ള ഇടതുപക്ഷരാഷ്ട്രീയ സംവാദങ്ങള്‍, മേല്പറഞ്ഞ ചോദ്യങ്ങള്‍ ശരിയാണെങ്കില്‍, എന്താണ് സൂചിപ്പിക്കുന്നത്? മലയാളനാടകപ്രസ്ഥാനത്തെക്കുറിച്ചുള്ള മുഖ്യധാരാവ്യവഹാരങ്ങള്‍ ക്ഷിപ്രമായ സാമാന്യവത്കരണങ്ങളില്‍ അധിഷ്ഠിതമായിരുന്നുവെന്ന് വ്യക്തമാക്കുന്നവയാണ് ഇവിടെ സൂചിപ്പിച്ച വസ്തുതകള്‍.

നാടകചരിത്രരചനയിലെ പ്രശ്‌നങ്ങള്‍

മലയാളനാടകപ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാലാവസ്ഥ തിരിച്ചറിയുന്നതിന് സഹായകമായനിലയിലല്ല നമുക്ക് ലഭിച്ചിട്ടുള്ള നാടകചരിത്രഗ്രന്ഥങ്ങള്‍. പ്രൊഫ. ജി. ശങ്കരപ്പിള്ള, കാട്ടുമാടം നാരായണന്‍ എന്നിവരുടെ കൃതികള്‍ നാടകസാഹിത്യത്തോടൊപ്പം രംഗാവരണങ്ങളെ കൂടി ഉള്‍പ്പെടുത്തി ചരിത്രരചന നിര്‍വ്വഹിക്കണമെന്ന ഉദ്ദേശ്യം പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും രംഗാവതരണചരിത്രം രചിക്കുവാന്‍ ആവശ്യമായ അളവില്‍ ആകരസാമഗ്രികള്‍ ലഭ്യമല്ല. എന്നതിനാല്‍ ഇത് സുകരമായ കാര്യമല്ല. ഇക്കാരണത്താല്‍ പുസ്തകരൂപത്തില്‍ പ്രകാശിതമായ കൃതികളെ മുന്‍നിറുത്തിയാണ് നമ്മുടെ നാടകചരിത്രങ്ങള്‍ എഴുതപ്പെട്ടത്. (ഈ ചര്‍ച്ചയില്‍ പ്രൊഫ. ജി. ശങ്കരപിള്ളയും കാട്ടുമാടം നാരായണനും എഴുതിയ നാടകചരിത്രഗ്രന്ഥങ്ങള്‍ മാത്രമേ പരിഗണിക്കുന്നുള്ളു.) നാടകാവതരണങ്ങളെ പ്രൊഫഷനല്‍, അമെച്വര്‍ എന്നിങ്ങനെ വകതിരിച്ച് വിവരിക്കുകയും തിരുനാളാഘോഷത്തിനും വാര്‍ഷികാഘോഷത്തിനും അവതരിപ്പിക്കപ്പെട്ട നാടകങ്ങളെ അവയുടെ പ്രമേയത്തെ ആധാരമാക്കി വര്‍ഗ്ഗീകരിക്കുകയും ചെയ്യുന്ന രചനാരീതി പ്രൊഫ. ജി. ശങ്കരപ്പിള്ള അനുവര്‍ത്തിക്കുന്നു. തിരുവനന്തപുരം നാടകവേദിയിലെ പ്രഹസനങ്ങളുടെ പ്രഭാവം വ്യക്തമാക്കാന്‍ ഈ പ്രതിപാദനം സഹായകമാണ്. എങ്കിലും, കഴിഞ്ഞ ശതകത്തിന്റെ ആദ്യപാദത്തില്‍ തന്നെ കേരളീയമായ ആശയരൂപീകരണ പ്രക്രിയയുടെ പ്രതിഫലനം പ്രകടമാക്കിയ കൃതികളും അവതരണങ്ങളും ഈ രീതിശാസ്ത്രത്തിന്റെ പരിമിതികാരണം അവഗണിക്കപ്പെട്ടു.

ഇബ്‌സനിസ്റ്റ് സമ്പ്രദായം അരങ്ങില്‍ അവതരിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ കുട്ടനാട് കെ.രാമകൃഷ്ണപിള്ള എഴുതിയ തപ്തബാഷ്പം എന്ന നാടകം വൈകാരികമായ അതിഭാവുകത്വം നിമിത്തം മെലോഡ്രാമയായി തീര്‍ന്നുവെന്ന് ശങ്കരപിള്ള നിരീക്ഷിക്കുന്നുണ്ട്. പ്രതിമ, കമണ്ഡലു തുടങ്ങിയ നിരവധി നാടകങ്ങളിലൂടെ പുഷ്കലമായിത്തീര്‍ന്ന രാമകൃഷ്ണപിള്ളയുടെ നാടകജീവിതം ഈ നിരീക്ഷണത്തെ തുടര്‍ന്ന് അവഗണിക്കപ്പെട്ടു. കാട്ടുമാടമാകട്ടെ, കുട്ടനാട് കെ. രാമകൃഷ്ണ പിള്ളയെക്കുറിച്ച് നടത്തുന്ന പരാമര്‍ശം പ്രതികൂലവിമര്‍ശനത്തിനു വേണ്ടി മാത്രമാണ്. പുളിമാന പരമേശ്വരന്‍പിള്ളയുടെ സമത്വവാദി മലയാളത്തിലെ ആദ്യത്തെ എക്‌സ് പ്രഷണിസ്റ്റുനാടകം എന്നു നാടകകൃത്തുകൂടിയായ എന്‍.കൃഷ്ണപിള്ള കൈരളിയുടെ കഥയില്‍ വിശേഷിപ്പിക്കുന്നു. എന്നാല്‍ പ്രസ്തുത നാടകത്തിന്റെ രചനയില്‍ അനുവര്‍ത്തിക്കപ്പെട്ട തത്വശാസ്ത്രപരവും സൗന്ദര്യശാസ്ത്രപരവുമായ ഘടകങ്ങള്‍ തുടര്‍ച്ചയുടെ മുന്‍പിന്‍ഭാഗങ്ങളില്ലാത്ത ഒരു ഒറ്റപ്പെട്ട തുരുത്തു മാത്രമായി ചിത്രീകരിക്കപ്പെട്ടു.

വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, കെ. ദാമോദരന്റെ പാട്ടബാക്കി എന്നിവയില്‍ നിന്നു തുടങ്ങുന്ന സാമൂഹികനാടകത്തിന്റെ മറ്റൊരു ധാര പൊടുന്നനവേ മലയാള നാടക വേദിയില്‍ ഉയിരെടുക്കുന്നതായി വേണം നാടകചരിത്രത്തിന്റെ വായനക്കാര്‍ മനസ്സിലാക്കാന്‍. നാടകത്തിന്റെ സന്ദേശം, അതിന്റെ രാഷ്ട്രീയസാംഗത്യം എന്നിവയെ അടിസ്ഥാനമാക്കി പാട്ടബാക്കിയെത്തുടര്‍ന്നുള്ള കാലത്തെ നാടകകൃതികളെ കണ്ടെടുക്കുകയാണ് നാടകസാഹിത്യചരിത്രങ്ങള്‍ ചെയ്യുന്നത്. സന്ദേശവും രാഷ്ട്രീയവും പ്രധാനമായി കണക്കാക്കിയ കാലഘട്ടത്തിലെ നാടകങ്ങള്‍ ഗുണമേന്മയില്ലാത്തതാണ് എന്ന നിഗമനത്തിലാണ് നിരൂപകനായ ജോസഫ് മുണ്ടശ്ശേരി ചെന്നെത്തിയത്. നമ്മുടെ നാടകകൃത്തുക്കള്‍ക്ക് ഈ അവസ്ഥയില്‍ നിന്ന് ഒരു രക്ഷാമാര്‍ഗ്ഗം കണ്ടെത്താനാകുമോ എന്നും അദ്ദേഹം സംശയിച്ചു. ഇക്കാരണത്താലാണ് സാഹിത്യപരിഷത്തിന്റെ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഒരു നാടകമെഴുതാന്‍ വൈക്കം മുഹമ്മദ് ബഷീറിനെ മുണ്ടശ്ശേരി ചുമതലപ്പെടുത്തുന്നത്. ബഷീറിന്റെ കഥാബീജം, മുണ്ടശ്ശേരി പ്രതീക്ഷിച്ചതുപോലെ ഒരു നാടകമായിത്തീര്‍ന്നില്ല.

നാടകബാഹ്യമായ പരിപ്രേക്ഷ്യം

നാടകചരിത്രത്തെ നാടകബാഹ്യമായ ഇടപെടലിലൂടെ നിര്‍ണ്ണയിക്കപ്പെട്ടുവെന്ന വസ്തുതയിലേക്കു മേല്പറഞ്ഞ സംഭവം വിരല്‍ ചൂണ്ടുന്നു. ഏതൊരു സാഹിത്യചരിത്രരചനയിലും നാഴികക്കല്ലുകളായി പരിഗണിക്കുന്ന കൃതികള്‍ കണ്ടെത്തുകയും അവയുമായി ബന്ധപ്പെട്ട പ്രവണതകള്‍ അതത് സാഹിത്യശാഖകളില്‍ ഏതൊക്കെ കൃതികളില്‍ പ്രകടമാകുന്നുവെന്ന് കണ്ടെത്തി പ്രസ്ഥാനനിര്‍ണ്ണയം ചെയ്യുന്ന രീതിയാണ് പൊതുവേ പിന്തുടരുന്നത്. സൗന്ദര്യശാസ്ത്രപരമായ മൗലികതയാണ് ഇത്തരം അന്വേഷണങ്ങളില്‍ പരിഗണിക്കപ്പെടുന്നത്. ജനപ്രിയസാഹിത്യത്തെക്കുറിച്ചുള്ള ആലോചനകള്‍ ചരിത്രകാരന്മാരെ ഒരു വിധത്തിലും അലോസരപ്പെടുത്താറില്ല. ഏറ്റവും അധികം വായിക്കപ്പെടുന്ന നോവലിസ്റ്റുകള്‍ അവരാണെങ്കിലും നോവല്‍ ചരിത്രത്തില്‍ അവര്‍ പ്രാന്തവത്കരിക്കപ്പെടുന്നു. പൈങ്കിളികള്‍ക്കുള്ള ആകാശം വേറെ തന്നെ. ഉത്തമസാഹിത്യകൃതികളുടെ ചരിത്രപഥം വേറെ. എന്നാല്‍ ഈ മാനദണ്ഡം നാടകപഠനത്തില്‍ അനുവര്‍ത്തിക്കപ്പെടുന്നില്ല. മാത്രമല്ല, മാനദണ്ഡത്തിന്റെ കാര്യത്തില്‍ തികഞ്ഞ അവ്യവസ്ഥിതത്വം പുലരുന്നതും കാണാവുന്നതാണ്. നമ്പൂതിരിയോഗക്ഷേമസഭയുടെ സമ്മേളനത്തില്‍ അവതരിക്കപ്പെട്ട് ഒരുപരിമിതസമൂഹത്തെമാത്രം അഭിസംബോധന ചെയ്ത വി.ടി.ഭട്ടതിരിപ്പാടിന്റെ നാടകവും കേരളത്തിലുടനീളം പരശതം അരങ്ങുകളില്‍ ജനസഹസ്രങ്ങളെ ആവേശഭരിതരാക്കിയ തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും ഒരേ പന്തിയില്‍. ഇവിടെ കാഴ്ചക്കാരുടെ എണ്ണം പരിഗണിക്കപ്പെടുന്നില്ല. സന്ദേശമാണ് വിലയിരുത്തലിന്റെ അടിസ്ഥാനം. സമത്വവാദി, ക്രൈം നാടകങ്ങള്‍ ഇത്തരം ചര്‍ച്ചകളില്‍ പന്തിക്കു പുറത്താണ്. നാടകങ്ങളെ വിലയിരുത്തുന്നത് സന്ദേശത്തെ മുന്‍നിര്‍ത്തിയെങ്കില്‍ സമത്വവാദിയിലേയും ക്രൈമിലേയും സന്ദേശങ്ങള്‍ അവഗണിക്കപ്പെടേണ്ടതില്ല.

ഒരു കലാസൃഷ്ടി വിലയിരുത്തപ്പെടേണ്ടത് അത് നല്കുന്ന സന്ദേശത്തെ ആധാരമാക്കിയാണെന്ന വിശ്വാസം ഇന്നു നിലനില്ക്കുന്നില്ല. കാന്തയെപ്പോലെ ഉപദേശം നല്കുകയാണ് കലയുടെ ധര്‍മ്മം എന്ന ക്ലാസ്സിക്കല്‍ കാലഘട്ടത്തിലെ ധാരണ ഇന്നും ആരെങ്കിലും വെച്ചു പുലര്‍ത്തുന്നുവെങ്കില്‍ അവരെക്കുറിച്ച് സഹതപിക്കാന്‍ മാത്രമേ സാധിക്കൂ. പുരോഗമനസാഹിത്യകാലഘട്ടത്തിന്റെ ധൈഷണികാന്തരീക്ഷത്തില്‍ ഇന്നും ജീവിക്കുന്നവര്‍ അങ്ങനെ കരുതുന്നുണ്ടായിരിക്കാം. എന്നാല്‍ കലാ ചരിത്രരചനയുടെ ഗൗരവാവഹമായ ബാദ്ധ്യത ഏറ്റെടുക്കുന്ന ഒരു എഴുത്തുകാരന്‍ കുറേക്കൂടി സമചിത്തത പാലിക്കേണ്ടതുണ്ട്. മലയാളത്തിലെ നാടകപ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ കാണാവുന്ന കൗതുകാവഹമായ വസ്തുത, സന്ദേശാധിഷ്ഠിതമായാണ് നാടകങ്ങള്‍ വിലയിരുത്തപ്പെടുന്നതെന്നാണ്. എന്നാല്‍,സന്ദേശങ്ങളില്‍ ചിലതു മാത്രമേ പരിഗണിക്കപ്പെടുന്നുള്ളു താനും. ഇക്കാരണത്താല്‍ മലയാളനാടകവേദിയില്‍ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളുടെ ചരിത്രമാണ് നാടകചരിത്രചര്‍ച്ചകളില്‍ നാം കാണുക.


സന്ദേശവും യാഥാര്‍ത്ഥ്യവും

വാസ്തവത്തില്‍ സന്ദേശാധിഷ്ഠിതമായ ചരിത്രാന്വേഷണത്തില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായ സരണിയിലുള്ള ഗതിക്രമമായിരുന്നു മലയാള നാടകത്തിനുണ്ടായിരുന്നത്. സൗന്ദര്യശാസ്ത്രപരമായി ഇതരകലാരൂപങ്ങളെ അപേക്ഷിച്ച് ഏറെ മുന്നില്‍ സഞ്ചരിച്ചവരായിരുന്നു നമ്മുടെ നാടകകൃത്തുകള്‍. കേരളീയജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ കാണാനും ആവിഷ്കരിക്കുവാനും നമ്മുടെ നാടകകൃത്തുകള്‍ക്കു സാധിച്ചിരുന്നു. പഥപ്രദര്‍ശകരായി സഞ്ചരിച്ച നാടകകൃത്തുക്കള്‍ക്കു ഏറെ പിറകിലാണ് പ്രശസ്തിയുടെ ഉന്നതശിഖരങ്ങളില്‍ സ്ഥാപിക്കപ്പെട്ട കവികളും കഥാകൃത്തുക്കളും സഞ്ചരിച്ചിരുന്നത്. പോളച്ചിറക്കല്‍ കൊച്ചീപ്പന്‍ തകരകന്‍ മുതല്‍ ആധുനികതയുടെ പ്രാരംഭഘട്ടം വരെ നമുക്കിത് കാണാനാവും. കാല്പനികതയില്‍ തരളഭാവങ്ങള്‍ മലയാളകവിതയില്‍ നിറഞ്ഞുനില്ക്കുകയും നോവലും ചെറുകഥയും ജീവിതത്തിന്റെ സ്ഥൂലതലത്തില്‍ ഒതുങ്ങി നില്ക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ എഴുതപ്പെട്ടതാണ് പുളിമാനയുടെ സമത്വവാദി. ഈ നാടകത്തെക്കുറിച്ച് കൃഷ്ണപിള്ളടെ ഒരു പരാമര്‍ശം ആവര്‍ത്തിക്കുന്നതിനപ്പുറം കടന്നുചെല്ലാന്‍ നമ്മുടെ നിരൂപകര്‍ക്കു കഴിയാതെ പോയതിന്റെ കാരണം പരിശോധിക്കപ്പെടേണ്ടതാണ്.

നോവലുകളിലും ചെറുകഥകളിലും പ്രതലത്തില്‍മാത്രം പരിശോധിക്കപ്പെട്ട സാമൂഹികപരിവര്‍ത്തനം തന്നെയാണ് സമത്വവാദിയുടെ ഭൂമിക. പരിവര്‍ത്തനം സ്വാഭാവികമായി, നേര്‍രേഖീയമായ ചരിത്രപരിണാമമായി സംഭവിച്ചുകൊള്ളും എന്ന ലളിതവത്കൃതധാരണയെ നിരാകരിക്കുകയാണ് പുളിമാന ചെയ്യുന്നത്. ആഭിജാത്യം എന്നത് അവബോധപരമായ തലത്തില്‍ നിലകൊള്ളുന്നതാണെന്നും ജന്മിസമ്പ്രദായത്തിന്റെ തകര്‍ച്ച ആഭിജാത്യത്തെ ഇല്ലായ്മ ചെയ്യില്ല എന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് സമത്വവാദി പിറവികൊള്ളുന്നത്. സമത്വവാദിയുടെ ആത്മസംഘര്‍ഷങ്ങള്‍ തിരിച്ചറിയുവാന്‍ പര്യാപ്തമായ ആശയഭൂമിക അക്കാലത്ത് നിലവിലില്ലായിരുന്നുവെന്നതാണ് പ്രസ്തുത നാടകം നേരാംവണ്ണം വിലയിരുത്തപ്പെടാതിരുന്നതിനു കാരണം. ദൈനംദിന ജീവിതത്തിന്റെ നേര്‍പകര്‍പ്പുകള്‍ വരഞ്ഞുവെക്കുകയും പരിവര്‍ത്തനത്തിനുള്ള ആഹ്വാനം മുഴക്കുകയും ചെയ്യുകയാണ് കലാകാരന്റെ കര്‍ത്തവ്യം എന്നു കരുതുന്നവര്‍ക്ക് സമത്വവാദിയിലെ ജീവിതചിത്രവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാന്‍ സാധിക്കുകയില്ല. സമത്വവാദിയെപ്പോലെയുള്ള ഒരു നാടകത്തെ സ്വീകരിക്കുവാന്‍ തിരുനാള്‍നാടകാവതരണങ്ങള്‍ക്കും വാര്‍ഷികാഘോഷങ്ങള്‍ക്കും സാധ്യമാവുകയില്ല. ഗൗരവാവഹമായ കലാപ്രവര്‍ത്തനം ജനസാമാന്യത്തിന്റെ വിനോദത്തിന് ഉതകിയല്ല എന്നത് ആക്ഷേപമായല്ല , മറിച്ച് അഭിമാനാര്‍ഹമായ നേട്ടമായിത്തന്നെ പരിഗണിക്കേണ്ടതാണ്.

അരങ്ങിലെ അന്വേഷണങ്ങള്‍

സ്വന്തം വിശ്വാസപ്രമാണങ്ങളും ജീവിതവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല എന്ന വേദനാജനകമായ തിരിച്ചറിവ് കാരണം കടുത്ത സ്വത്വപ്രതിസന്ധി അനുഭവിക്കുന്ന ആധുനികമനുഷ്യന്റെ ആദ്യമാതൃക മലയാളത്തില്‍ പ്രത്യക്ഷമാകുന്നത് പുളിമാന പരമേശ്വരന്‍പിള്ളയുടെ സമത്വവാദി എന്ന നാടകത്തിലൂടെയാണ്. ആധുനികമനുഷ്യനെ ഗ്രസിച്ച അതിതീവ്രമായ ദുരന്താവബോധത്തിന്റെ ആഴത്തിലുള്ള അപഗ്രഥനം സമത്വവാദിയെ മലയാളത്തിലെ അനന്വയമായ കാലാസൃഷ്ടിയാക്കുന്നു. എങ്കിലും, ധൈഷണികതയുടെ അത്യുജ്ജ്വലമായ ഈ മാതൃക തിരിച്ചറിയപ്പെടാതെപോയി. പുളിമാനയുടെ നാടകം പ്രകാശിതമാകുന്ന കാലത്ത് കേരളത്തിലെ സാഹിത്യം കാല്പനികതയുടെ തരളഭാവങ്ങളില്‍ അഭിരമിക്കുകയായിരുന്നു. ഗദ്യസാഹിത്യമാകട്ടെ, നേരത്തെ സൂചിപ്പിച്ചതുപോലെ സാമൂഹികനിര്‍ണ്ണയവാദത്തിന്റെ ലളിതവത്കൃതധാരണകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കലയിലും ജീവിതത്തിലും ആധിപത്യം ചെലുത്തിയ ഇടത്തരം ഭാവുകത്വത്തിന്റെ ബലിപീഠത്തില്‍ ഒടുങ്ങുവാനായിരുന്നു സമത്വവാദിയുടെ വിധി. മുഖ്യധാരാനാടകങ്ങളുടെ നാള്‍വഴി വിവരണത്തിനിടയില്‍ കൂട്ടം തെറ്റി പിണങ്ങിനില്ക്കുന്ന ഒരു ഒറ്റയാനായി സമത്വവാദിയോടൊപ്പം സി.ജെയേയും നിരൂപകന്മാര്‍ കണ്ടെത്തി.

പൊതുജീവിതത്തിലും കലയിലും നിലവിലിരുന്ന ആഴം കുറഞ്ഞ കാഴ്ചപ്പാടുകളോടുള്ള കലാപമായിരുന്നു സി. ജെ. തോമസ്സിന്റേയും പുളിമാനയുടെയും സര്‍ഗ്ഗജീവിതത്തിന്റെ കാതല്‍. അങ്ങനെയുള്ള എഴുത്തുകാര്‍ എന്തുകൊണ്ട് കൂടുതല്‍ ജനപ്രിയമായ മറ്റു മാദ്ധ്യമങ്ങള്‍ കൈക്കൊണ്ടില്ല എന്നതു പ്രസക്തമായ ചോദ്യമാണ്. രംഗവ്യാഖ്യാതാവും രംഗപ്രയോക്താക്കളും പ്രേക്ഷകരും ചേരുന്ന ഒരു സമൂഹത്തെ മനസ്സില്‍ കാണാതെ ഒരു നാടകകൃതിയും പിറക്കുന്നില്ല. തങ്ങളുടെ മനസ്സിന്റെ അരങ്ങിലെ നാടകത്തെ പ്രത്യക്ഷവത്കരിക്കുക എന്ന സാമൂഹികപ്രവര്‍ത്തനത്തിനുള്ള സന്നദ്ധതയാണ് ഈ നാടകകൃത്തുക്കളുടെ സാഹസികസംരംഭങ്ങള്‍ക്കു പിന്നില്‍. സ്വന്തം ദര്‍ശനം സാമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്ന സാമൂഹികപ്രവര്‍ത്തനത്തിനുള്ള സന്നദ്ധതയാണിത്. കലാകാരന്റെ പ്രതിജ്ഞാബദ്ധതയെ സംബന്ധിച്ച ഉന്നതമായ ഈ ദര്‍ശനത്തെ തിരിച്ചറിയാന്‍ കക്ഷിരാഷ്ട്രീയത്തിന്റെ സന്ദേശപ്രചാരകരെ വാഴ്ത്തിയ രാഷ്ട്രീയചിന്തകാവതാരങ്ങള്‍ക്കു സാധിക്കുകില്ല. രാഷ്ട്രീയവും സാഹിത്യവും തന്റെ ശാഠ്യങ്ങള്‍ കൊണ്ട് വിലയിരുത്തുകയും രൂപമോ ഭാവമോ പ്രധാനം എന്ന് മരണപര്യന്തം ഉല്‍കണ്ഠപ്പെടുകയും ചെയ്ത ചിന്തകന്മാര്‍ കേരളീയ ധൈഷണികജീവിതത്തില്‍ ഏല്പിച്ച ക്ഷതം അവഗണിക്കാവുന്നതല്ല.

മലയാളത്തിലെ ഇതരസാഹിത്യശാഖകളെക്കാള്‍ രണ്ടു പതിറ്റാണ്ടിനു മുമ്പെങ്കിലും ശരിയായ സാങ്കേതികര്‍ത്ഥത്തിലും ഭാവുകത്വത്തിലും ആധുനികമായിത്തീര്‍ന്നിരുന്നു നാടകപ്രസ്ഥാനം. ചെറുകഥയില്‍ തലമുറകളുടെ അടിസ്ഥാനത്തിലും നോവലില്‍ പ്രസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയും ഘട്ടവിഭജനം നടത്തുകയാണ് സാഹിത്യചരിത്രകാരന്മാര്‍ പിന്തുടര്‍ന്നരീതി. എന്നാല്‍ നാടകത്തിന്റെ കാര്യത്തില്‍ ദശകങ്ങളായിത്തിരിച്ച് പതിറ്റാണ്ടിനിടയിലെ നായകപ്രവര്‍ത്തനത്തെക്കുറിച്ച് പറയുന്ന രീതിയാണ് സ്വീകരിച്ചത്. ഇതില്‍ ഔചിത്യശങ്ക നിരൂപകര്‍ക്കും തോന്നിയില്ല. മലയാളനാടകം, തികഞ്ഞ ഉദാസീന്നതയോടെ സമീപിക്കപ്പെട്ട സാഹിത്യശാഖയും കലാരൂപവുമാണ്. കാകളിക്കും കണ്ണശ്ശരാമായണത്തിനുമൊപ്പം ഒരേ പന്തിയില്‍ വിളമ്പാനുള്ള വിഭവം. ശാകുന്തളത്തിന്റെ മഹനീയതയെക്കുറിച്ച് കാണാപ്പാഠം പഠിച്ച ശ്ലോകം ചൊല്ലി പാത്രസൃഷ്ടിയും സംഘഷവും സന്ദേശവും എടുത്തുപറഞ്ഞു പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യാവുന്ന ജനുസ്സ്. അതോടൊപ്പം, സന്ദേശമാണ് നാടകത്തിന്റെ മൂല്യനിര്‍ണ്ണയത്തിന് അധിഷ്ഠാനം എന്ന യുക്തിശൂന്യവും അഹന്തനിറഞ്ഞതുമായ രാഷ്ട്രീയവും.

ചരിത്രത്തിന്റെ വിചിത്രപഥങ്ങള്‍

മലയാള നാടകപ്രസ്ഥാനത്തെക്കുറിച്ചുള്ള പഠനങ്ങളുടെ പരിമിതി തിരിച്ചറിഞ്ഞ നിരൂപകന്‍, ഈ കുറിപ്പിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ച, ഡോ. ടി.പി. സുകുമാരനാണ്. അനുപാതം തെറ്റിയ വലുപ്പത്തില്‍ പെരുപ്പിച്ച് കാണിക്കപ്പെട്ട പല നാടകങ്ങളും വാസ്തവത്തില്‍ അവയ്ക്ക് ചാര്‍ത്തിക്കൊടുത്ത വീരശൃംഖലകള്‍ക്കും സ്ഥാനചിഹ്നങ്ങള്‍ക്കും അര്‍ഹതയുള്ളതാണോ എന്ന അന്വേഷണത്തില്‍ നിന്നാണ് ഡോ. ടി.പി. സുകുമാരന്റെ മലയാള നാടകത്തിലെ അഞ്ച് ഘടനകള്‍ എന്ന ശ്രദ്ധേയമായ ലേഖനം പിറവി കൊള്ളുന്നത്. ഘടനാവാദത്തിന്റെ രീതിശാസ്ത്രമല്ല, മറിച്ച് രൂപശില്പത്തിന്റെ പ്രതലത്തില്‍ കാണാവുന്ന സവിശേഷതകളാണ് അദ്ദേഹം നോക്കുന്നത്. അത്രത്തോളം കാണാന്‍ മറ്റ് നിരൂപകര്‍ക്ക് സാധിച്ചിട്ടില്ല. സംഗീതനാടകപ്രസ്ഥാനകാലം മുതല്‍ തനതുനാടകവേദിക്കുശേഷം വരെയുള്ള നാടകങ്ങള്‍ അടിസ്ഥാനപരമായി അഞ്ച് രൂപശില്പങ്ങളാണ് മലയാളനാടകവേദിയില്‍ അവതരിപ്പിച്ചത് എന്ന ലളിതമായ സത്യം പ്രസ്തുതലേഖനം നമ്മെ ഓര്‍മ്മിപ്പിച്ചു. നാടകത്തിന്റെ അരങ്ങില്‍ മൗലികവും സൗന്ദര്യശാസ്ത്രപരവുമായ സംഭാവനകള്‍ നല്കിയത് ആരൊക്കെയെന്നും ആരൊക്കെയാണ് അവരുടെ ഗുളികച്ചെപ്പേന്തിയ ശിഷ്യരെന്നും പ്രസ്തുതലേഖനം ശ്രദ്ധിച്ചാല്‍ നമ്മുക്കു മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല മലയാളനാടകത്തിന്റെ ചരിത്രം ഋതുരേഖീയമോ വര്‍ത്തുളമോ ആയ ഗതിക്രമം അനുസരിച്ചല്ല പുരോഗമിച്ചത് എന്നും നമ്മുക്കു തിരിച്ചറിയാനാകും. പുളിമാനയ്ക്കും സി. ജെ. തോമസ്സിനും സി.എന്‍. ശ്രീകണ്ഠന്‍നായര്‍ക്കും സമാന്തരമായും ശേഷവും ആധുനികതയുടെ ഭാവുകത്വവും ദര്‍ശനവും ഒരുതരത്തിലും പ്രചോദനമായിത്തീര്‍ന്നിട്ടില്ലാത്ത ശുഷ്കകക്ഷിരാഷ്ട്രീയപ്രചരണം നാടകചരിത്രത്തിലെ നാഴികക്കല്ലുകളായി അവതരിപ്പിക്കപ്പെടുന്ന ചരിത്രദര്‍ശനം കൗതുകാവഹം തന്നെ.

എന്തായിരിക്കും ഈ ചരിത്രദര്‍ശനത്തിന്റെ താത്വികാടിസ്ഥാനം? ഇക്കാലത്തും നവക്ലാസ്സിക്കല്‍ ഭാവുകത്വമുള്ള കവികള്‍ കീര്‍ത്തനങ്ങളും ക്ഷേത്രവര്‍ണ്ണനകളും എഴുതുകയും ഭക്തജനങ്ങള്‍ അവയൊക്കെ വികാരവായേ്പാടെ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കവിതാചരിത്രത്തില്‍ അവ പരിഗണിക്കപ്പെടേണ്ടതാണെന്നു എത്ര കടുത്ത ക്ഷേത്ര-ദൈവവിശ്വാസിയായ നിരൂപകനും കരുതുന്നില്ല. എന്നാല്‍ നാടകത്തിന്റെ കാര്യത്തില്‍ സ്ഥിതി പരിതാപകരമാണ്. കാലഹരണപ്പെട്ട ആശയങ്ങള്‍ക്കും കലാസങ്കല്പങ്ങള്‍ക്കുമുള്ള അരങ്ങാണ് നാടകവേദി എന്ന് സന്ദേശവാദികളായ നമ്മുടെ കലാചിന്തകര്‍ കരുതുന്നു. ഈശ്വരഭക്തിപോലെതന്നെയാണ് കക്ഷിരാഷ്ട്രീയഭക്തിയും എന്നു കലാചിന്തയിലെങ്കിലും പരിഗണിക്കപ്പെടേണ്ടതുണ്ട്. പണ്ടൊരുകാലത്ത് മതവും ഈശ്വരവിശ്വാസവും കലയുടെ പ്രചോദകങ്ങളായിരുന്നതുപ്പോലെ ചരിത്രത്തിന്റെ ഒരിടവേളയില്‍ രാഷ്ട്രീയം കലാകാരന്മാരെ പ്രചോദിപ്പിച്ചിരുന്നുവെന്നതു വാസ്തവം തന്നെ. എങ്കിലും രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും ഒന്നല്ലെന്ന് അതിചിന്തവഹിച്ച് എഴുതുന്ന നിരൂപകര്‍ ആവേശത്തിനിടയില്‍ മറന്നുപോകുന്നത് നാടകത്തിന്റെ കാര്യത്തില്‍ മാത്രമാണ്. പടപ്പാട്ടുകളും സന്ദേശപ്രചരണകഥകളും കവിതാചെറുകഥാചരിത്രങ്ങളില്‍ ഇടം കിട്ടാതെ പുറത്തുനിന്നപ്പോള്‍ നാടകത്തില്‍ അവര്‍ മിച്ചഭൂമി മാത്രമല്ല എല്ലാ ഇടവും കൊടികുത്തി സ്വന്തമാക്കി. അവര്‍ വളച്ചുകെട്ടിയ വേലിക്കപ്പുറത്തേക്ക് ഗൗരവപൂര്‍ണ്ണമായ സര്‍ഗ്ഗപ്രവര്‍ത്തനങ്ങള്‍ വലിച്ചെറിയപ്പെട്ടു.

മലയാളത്തിലെ കൊട്ടിഘോഷിക്കപ്പെട്ട രാഷ്ട്രീയനാടകങ്ങള്‍ അവയുടെ രാഷ്ട്രീയത്തിലും സൗന്ദര്യശാസ്ത്രത്തിലും അതിദാരുണമായ പരാജയങ്ങളായിരുന്നു. കക്ഷിരാഷ്ട്രീയപ്രശ്‌നങ്ങള്‍ ഉന്നയിക്കുവാനുള്ള ഉള്‍ക്കരുത്ത് അവയ്ക്കില്ലാതെ പോയത് എന്തുകൊണ്ട് എന്നും നാം ആലോചിക്കേണ്ടതുണ്ട്. പുളിമാനയുടെ സമത്വവേദി ഉന്നയിക്കുന്ന രാഷ്ട്രീയസമസ്യ പില്ക്കാലത്തെ ഒരു രാഷ്ട്രീയനാടകത്തിനും ചെന്നെത്താനാവാത്ത ഔന്നത്യത്തില്‍ നിലകൊള്ളുന്നതും നമുക്കുകാണാം. ആധുനികതയില്‍ നിന്നു സാമൂഹികനിര്‍ണ്ണയനവാദത്തിലേക്കും കക്ഷിരാഷ്ട്രീയപ്രചരണത്തിലേക്കും വളരുന്ന (?) മലയാള നാടകചരിത്രം നമ്മുടെ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നതാണ്. എന്നാല്‍ ഇതു നാടകത്തിന്റെ കാര്യത്തില്‍ മാത്രം സംഭവിച്ചതാണെന്നു പറഞ്ഞുകൂട. മലയാളകവിതയില്‍ ഒരു വശത്തു ആധുനികത അതിന്റെ സമസ്തഭാവങ്ങളോടെ സാന്നിദ്ധ്യം പ്രകടമാക്കിയപ്പോള്‍ അതിന്റെ കൂടെ ആധുനികതയായി തെറ്റിദ്ധരിച്ച നവകാല്പനികതയും ഉണ്ടായിരുന്നു. പില്ക്കാലത്ത് കക്കാടിന്റെ സഫലമീയാത്ര എന്ന കവിത ഏറ്റുപാടി നെടുവീര്‍പ്പിട്ട കവിതാസ്വാദകര്‍ കടമ്മനിട്ടയും ബാലചന്ദ്രന്‍ ചുള്ളിക്കാടും കെ.ജി. ശങ്കരപ്പിള്ളയും എഴുതിയ കവിതകള്‍ ആസ്വാദിച്ച (?) ആസ്വാദകര്‍ തന്നെയായിരുന്നു. അടിസ്ഥാനപരമായി മലയാളിയുടെ ഭാവുകത്വം കാല്പനികതയില്‍ വേരൂന്നി നില്ക്കുന്നതാണ് എന്ന സാമാന്യവത്കരണത്തിനു പ്രേരണ നല്കുന്നതാണ്, ഇക്കാര്യം. സ്കൂള്‍കുട്ടികളുടെ കവിതാലാപനമത്സരങ്ങള്‍ ഭാവുകത്വപരമായ ഈ സവിശേഷതയെ ഒന്നുകൂടി വ്യക്തമാക്കുന്നു. നാടകത്തിന്റെ കാര്യത്തില്‍ മുഖ്യധാരയെ നിര്‍ണ്ണായിക്കുന്നതില്‍ സാമൂഹിക-രാഷ്ട്രീയഘടകങ്ങള്‍ പങ്കുവഹിച്ചപ്പോള്‍ കവിതയുടെ കാര്യത്തില്‍ റെക്കോഡിംഗിന്റെ സാങ്കേതികവിദ്യയും കാവ്യാലാപനമത്സരം എന്ന സ്ഥാപനവും പ്രസ്തുതധര്‍മ്മം നിര്‍വ്വഹിച്ചുവെന്നു വേണം മനസ്സിലാക്കാന്‍. ശരാശരിയാണ് ശരിയെന്ന ന്യായം ജനാധിപത്യത്തിന്റെ കാര്യത്തില്‍ യുക്തിയായിരിക്കും. എന്നാല്‍ കലാചിന്തയാല്‍ ഈ യുക്തി കുയുക്തി തന്നെയാണ് എന്നു പറയാതിരിക്കാനാവില്ല.