Saturday, June 20, 2009

ബ്ലോഗും മലയാളസാഹിത്യവും

ആകാശവാണി കണ്ണൂര്‍ നിലയം പ്രക്ഷേപണം ചെയ്ത
ഡോ. മഹേഷ് മംഗലാട്ടിന്റെ പ്രഭാഷണം

ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ രൂപംകൊണ്ട നവമാദ്ധ്യമങ്ങളില്‍ ഒന്നാണു് ബ്ലോഗ്. വെബ്ബ് ലോഗ് എന്നതിന്റെ ചുരുക്കമായാണു് വെബ്ബ് എന്ന വാക്കിലെ അവസാനാക്ഷരമായ Bയും ലോഗ് എന്ന വാക്കും ചേര്‍ത്തു് ബ്ലോഗ് എന്ന പേരു് സൃഷ്ടിച്ചെടുത്തതു്. 1999ല്‍ പീറ്റര്‍ മെര്‍ഹോള്‍ഡാണു് ആദ്യമായി ഈ പദം ഉപയോഗിച്ചതു്.

തൊണ്ണൂറുകളില്‍ ഇന്റര്‍നെറ്റ് ഫോറങ്ങള്‍ സൃഷ്ടിക്കുവാനായി ഉപയോഗിച്ചിരുന്ന WebEx സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ ഏതെങ്കിലും ഒരു വിഷയത്തില്‍ തുടര്‍ച്ചയായി സംവാദങ്ങള്‍ നടത്തുവാന്‍ സാധിക്കുമായിരുന്നു. ഇമെയില്‍ ലിസ്റ്റുകള്‍, ബുള്ളറ്റിന്‍ബോര്‍ഡ് എന്നിങ്ങനെയുള്ള സംവാദരീതിയും അക്കാലത്തു് നിലവിലുണ്ടായിരുന്നു. ഇതിന്റെ പരിണാമമായി ബ്ലോഗ് എന്ന രൂപത്തെ ചിട്ടപ്പെടുത്തിയതു് ഒരു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജസ്റ്റില്‍ ഹാള്‍ ആണു്. 1994 ലായിരുന്നു, അതു്.

ആദ്യഘട്ടത്തില്‍ വ്യക്തിപരമായ വെബ്ബ്‌പേജുകള്‍ മാത്രമായിരുന്നു ബ്ലോഗുകള്‍. എന്നാല്‍ ഇന്റര്‍നെറ്റില്‍ വ്യക്തിഗതമായിടം പ്രാധാന്യം കൈവരിക്കുകയും ബ്ലോഗുകള്‍ അനായാസവും ആകര്‍ഷകവുമാക്കാനുള്ള സോഫ്റ്റ്‌വേറുകള്‍ സൃഷ്ടിക്കപ്പെടുകയും ബ്ലോഗുകള്‍ക്കു് വെബ്ബിടം നല്കാന്‍ സന്നദ്ധരായി ബ്ലോഗ് സേവനദാതാക്കള്‍ രംഗത്തെത്തുകയും ചെയ്തതോടെ ബ്ലോഗിംഗ് സജീവമായ ഒരു മാദ്ധ്യമരൂപമായി വികസിച്ചു. ബ്ലോഗര്‍ ഡോട്ട് കോം, വേഡ്പ്രസ്സ് ഡോട്ട് കോം, ലൈവ്‌ജേണല്‍ ഡോട്ട് കോം എന്നിങ്ങനെയുള്ള ബ്ലോഗ് സേവനദാതാക്കള്‍, ബ്ലോഗുകളുണ്ടാക്കാന്‍ തികച്ചും സൗജന്യമായി വെബ്ബിടവും സാങ്കേതികവിദ്യയും നല്കുന്നു.

വിവരസാങ്കേതികവിദ്യയുടെ മുഴുവന്‍ സാദ്ധ്യതകളും ഉപയോഗിക്കാനാകുന്ന ആശയവിനമിയമാണു് ബ്ലോഗുകളെ നവമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാക്കുന്നതു്. എഴുത്തു് മാത്രമല്ല, ശബ്ദവും ചിത്രവും ചലച്ചിത്രവും എല്ലാം ഉള്‍പ്പെടുത്താവുന്ന സാങ്കേതികമികവും ബ്ലോഗിന്റെ സവിശേഷതയാണു്. വീഡിയോ ബ്ലോഗുകളും ശബ്ദപ്രസാരണം ചെയ്യുന്ന പോഡ് കാസ്റ്റുകളും ബ്ലോഗിങ്ങിന്റെ പുതിയമുഖങ്ങളാണു്. ഇതിന്നായുള്ള സാങ്കേതികവിദ്യ, ഏതൊരു ഉപയോക്താവിനും അനായാസമായി ഉപയോഗിക്കാവുന്ന വിധത്തില്‍ ലളിതമാക്കപ്പെട്ടിരിക്കുന്നു.

പാശ്ചാത്യനാടുകളില്‍ ആരംഭിച്ച ബ്ലോഗിംഗ് മലയാളികളില്‍ എത്തുന്നതു്, ആദ്യമായി, വിദേശത്തു് ജോലി ചെയ്യുന്ന സോഫ്റ്റ്‌വേര്‍ എഞ്ചിനിയര്‍മാരിലാണു്. മലയാളികളുടെ ബ്ലോഗുകളും കേരളത്തെക്കുറിച്ചുള്ള ബ്ലോഗുകളും കണ്ടെത്താന്‍ സഹായിക്കുന്ന മേളം എന്ന ബ്ലോഗ് അഗ്രഗേറ്റര്‍ 2002ല്‍ മനോജ് എന്ന വിദേശമലയാളി ചിട്ടപ്പെടുത്തിയിരുന്നു. അക്കാലത്തു് മലയാളത്തില്‍ ബ്ലോഗുകളുണ്ടായിരുന്നില്ല. ആദ്യത്തെ മലയാളം ബ്ലോഗ് എം.കെ.പോളിന്റെ ജാലകം ആണു്. ഫ്രീഷെല്‍ ഡോട്ട് ഓര്‍ഗ് എന്ന സെര്‍വ്വറില്‍ ജാലകം എന്ന ബ്ലോഗ് അദ്ദേഹം ആരംഭിക്കുന്നതു് 2002 ഡിസംബറിലാണു്. ഫ്രീഷെല്‍ ഇപ്പോള്‍ നിലവിലില്ല. എങ്കിലും പഴയ ആര്‍ക്കൈവുകളില്‍ ജാലകത്തിന്റെ പഴയ താളുകള്‍ ഇന്നും നിലവിലുണ്ടു്.

മലയാളത്തില്‍ ബ്ലോഗുകള്‍ തുടങ്ങാവുന്ന വിധത്തിലുള്ള സാങ്കേതികവിദ്യ നിലവില്ലാത്ത കാലത്താണു് ആദ്യത്തെ ബ്ലോഗ്, ജാലകം, ആരംഭിച്ചതു്. ആസ്കി എന്‍കോഡിംഗിലുള്ള കേരളൈറ്റ് എന്ന ട്രൂടൈപ്പ് ഫോണ്ട് ഉപയോഗിച്ചാണു് പോള്‍ ജാലകം തയ്യാറാക്കിയതു്. അതിനാല്‍ തീര്‍ത്തും ഫോണ്ട് ആശ്രിതമായ ഒരവസ്ഥയാണു് ബ്ലോഗിനുണ്ടാവുക. കേരളൈറ്റ് ഫോണ്ട് കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ ബ്ലോഗ് വായിക്കാനാവില്ല. ഈ അവസ്ഥയില്‍ നിന്നു് മലയാളം മുക്തിനേടുന്നതു് യൂനിക്കോഡ് എന്‍കോഡിംഗില്‍ അധിഷ്ഠിതമായ ഫോണ്ടുകള്‍ വരുന്നതോടെയാണു്.

മലയാളത്തിലെ ആദ്യത്തെ യൂനിക്കോഡ് ഫോണ്ട് സൂപ്പര്‍സോഫ്റ്റ് എന്ന കമ്പനിയുടെ സാരഥിയായ അജയ്‌ലാല്‍ നിര്‍മ്മിച്ച തൂലികയാണു്. കെവിന്റെ അഞ്ജലി ഓള്‍ഡ് ലിപി, കെ.എച്ച്. ഹുസ്സൈന്റെ രചന, സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗുമായി ചേര്‍ന്നു് ഹുസ്സൈന്‍ തന്നെ നിര്‍മ്മിച്ച മീര എന്നിങ്ങനെ നിരവധി യൂനിക്കോഡ് ഫോണ്ടുകള്‍ ഇന്നു് മലയാളത്തിലുണ്ടു്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമായി, കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തുമ്പോള്‍ കിട്ടുന്ന ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിനു പുറമെ, രാജ് നായരുടെ മൊഴി കീമാന്‍, കെവിന്റെ മിന്‍സ്ക്രിപ്റ്റ് എന്നിങ്ങനെ കീബോര്‍ഡുകളും മലയാളം ടൈപ്പിംഗ് സാദ്ധ്യമാക്കുന്നു. ഈ സാദ്ധ്യതകള്‍ രൂപപ്പെട്ടു വരുന്നതു് 2004ല്‍ ആണു്. അതോടെയാണു് മലയാളത്തില്‍ ബ്ലോഗിംഗ് അനായാസമായതു്. 2004ന്റെ തുടക്കത്തില്‍ 20ല്‍ താഴെ ബ്ലോഗുകള്‍ മാത്രമുണ്ടായിരുന്ന മലയാളത്തില്‍ ഇതിനകം നിര്‍മ്മിക്കപ്പെട്ട ബ്ലോഗുകളുടെ എണ്ണം ഇരുപതിനായിരത്തിലേറെയാണു്. അചില്‍ ആയിരത്തിലധികം ബ്ലോഗുകള്‍ ഇപ്പോഴും ജീവനോടെ നിലനില്ക്കുന്നു. അഞ്ഞൂറിലേറെ ബ്ലോഗുകള്‍ സജീവമായിത്തന്നെ നിലനില്ക്കുന്നുണ്ടു്.

മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് ആരംഭിക്കുന്നതു് ഒരു കവിത കുറിച്ചുകൊണ്ടാണു്. ആ കവിത ഇതാണു്:
അനന്തമായ കാലം
നിരന്തരം സംഭവിക്കുന്ന ജനനമരണങ്ങള്‍.
കാഴ്ചയുടെ പരിമിതി കൊണ്ടായിരിക്കണം
ജീവിതമാണു് ഏറ്റവും വലുതെന്നു്
ചിലപ്പോള്‍ തോന്നുന്നതു്.

ജനനത്തിനു മുമ്പും
മരണത്തിനു ശേഷവും
എന്തായിരുന്നിരിക്കണം?

നിര്‍വ്വചനങ്ങള്‍ തെറ്റിക്കൂടായ്കയില്ല.

ജാലകം എന്ന ബ്ലോഗിലെ ഈ കവിതയുടെ വഴി പിന്തുടര്‍ന്നു് കഥകള്‍, സാഹിത്യനിരൂപണം, തുടര്‍ക്കഥകള്‍ എന്നിങ്ങനെ സജീവമായ സാഹിത്യാന്തരീക്ഷം ബ്ലോഗ് കേന്ദ്രമായി രൂപപ്പെട്ടു. അങ്ങനെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച രചനകള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കിയ വിശാലമനസ്കനും കുറുമാനും ശ്രദ്ധേയരായി. മലയാളത്തിലെ ഒരു പ്രമുഖ ആഴ്ചപ്പതിപ്പു് ബ്ലോഗന എന്ന പേരില്‍ ബ്ലോഗ് രചനകള്‍ പുന:പ്രകാശിപ്പിക്കുവാന്‍ ഒരു പംക്തി തന്നെ ആരംഭിച്ചിട്ടുണ്ടു്.

ബ്ലോഗ് സാഹിത്യത്തിന്റെ ഒരിടമാണു് എന്ന ധാരണ മലയാളിസമൂഹത്തിന്റെ വായനാശീലത്തിന്റെ ഭാഗമാണു്. ഗൗരവപൂര്‍ണ്ണമായ വായന എന്നാല്‍ ഗൗരവമുള്ള സാഹിത്യകൃതികളുടെ വായനയാണു്, നമ്മുക്കു്. എന്നാല്‍ ബ്ലോഗ്, വെബ്ബില്‍ ലഭ്യമായ വൈയക്തികമായ ഇടമാണു്. അവിടെ എന്തും എഴുതാം. ദിനസരിക്കുറിപ്പോ പാചകക്കുറിപ്പോ രാഷ്ട്രീയവിശകലനമോ പ്രചാരണമോ, എന്തും. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷപ്പെടാത്ത വാര്‍ത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിക്കുന്ന ആക്ടിവിസ്റ്റ് ബ്ലോഗുകള്‍ പലതും ലോകവ്യാപകമായ പ്രശസ്തി നേടിയവയാണു്. എന്തു തന്നെയായാലും പ്രസാധകന്റെയോ പത്രാധിപരുടെയോ കാരുണ്യത്തിനു് കാത്തുനില്ക്കാതെ സ്വന്തം രചനകള്‍, ചിന്തകള്‍ ലോകത്തിനു് മുമ്പില്‍ അവതരിപ്പിക്കാനുള്ള വര്‍ത്തമാനകാലത്തിന്റെ മാദ്ധ്യമം ബ്ലോഗാണു്.

റെക്കോര്‍ഡിംഗ്: ആകാശവാണി കണ്ണൂര്‍ (എഫ്.എം) നിലയം 15. 12. 2008.